
അവിര റബേക്ക സംവിധാനം ചെയ്ത ശ്രീനിവാസന് നായകനായ തകരച്ചെണ്ട എന്ന ചിത്രത്തിലാണ് ശശി കലിംഗ ആദ്യമായി അഭിനയിക്കുന്നത്. ഒരു ആക്രി കച്ചവടക്കാരനായ പളനിച്ചാമിയുടെ വേഷത്തില്‍. എന്നാല്‍ സിനിമ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. രഞ്ജിത്തിന്റെ പലേരിമാണിക്യത്തിലെ ഡിവൈ.എസ്.പി.യായാണ് ശശിയുടെ രണ്ടാം വരവ്. രഞ്ജിത്തിന്റെ തന്നെ പ്രാഞ്ചിയേട്ടനിനെ ഇയ്യപ്പന്റെ റോളില്‍ അഭിനയിച്ചതോടെ സിനിമയില്‍ ശശിയുടെ കാലം തെളിഞ്ഞു. സാക്ഷാല്‍ സ്റ്റീഫന്‍ സ്പീല്‍ ബര്‍ഗ് ബൈബിളിനെ ആസ്പദമാക്കി ഹോളിവുഡില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂദാസിന്റെ വേഷം ചെയ്യാന്‍ ശശിയെ ക്ഷണിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ വിശാദാംശങ്ങള്‍ വെളിപ്പെുത്താന് തല്ക്കാലം കഴിയില്ലെന്നായിരുന്നു ശശി അന്ന് മംഗളം ഓണ്‍ലൈനിനോട് പ്രതികരിച്ചത്. 2019-ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് ശശി അവസാനം അഭിനയിച്ചത്. ആദ്യ സിനിമയിലെ നായകനായ ശ്രീനിവാസനൊപ്പമായിരുന്നു ഈ ചിത്രവും എന്നത് യാദൃശ്ചികമാകാം. 500ലധികം നാടകങ്ങളിലും നിരവധി ടിവി സീരിയലുകളിലും 250-ല്‍പരം സിനിമകളിലും വേഷമിട്ട ശശി സഹദേവന് ഇയ്യക്കാട് സംവിധാനം ചെയ്ത 'ഹലോ ഇന്ന് ഒന്നാംതീയതിയാണ്' എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു.
കലിംഗയെന്നത് പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ കെ.ടി.മുഹമ്മദിന്റെ കോഴിക്കോട്ടെ നാടക ട്രൂപ്പിന്റെ പേരാണ്. എന്നാല്‍ ശശിയാകട്ടെ കലിംഗ തീയേറ്റേഴ്സിന്റെ ഒരു നാടകത്തിലും അഭിനയിച്ചിട്ടുമില്ല. ആ പേരു വന്ന ശശി തന്നെ പറയുന്നു. സിനിമാ മംഗളത്തിനുവേണ്ടി ശശി കലിംഗയുമായി നടത്തിയ അഭിമുഖത്തിന്റെ പുന: പ്രസിദ്ധീകരണം:
ശശി കലിംഗയുടെ ഉയരം ആറടി രണ്ടിഞ്ചാണ്. ശരിക്കും പറഞ്ഞാല്‍ ഭാഗ്യവും രാശിയുമുള്ള ഉയരമാണിത്. തമിഴ് സിനിമയിലെ നായകനായ സത്യരാജിന്റെ ഉയരവും ആറടി രണ്ടിഞ്ചാണ്. സ്വന്തം ഉയരത്തില്‍ അഭിമാനം പൂണ്ട സത്യരാജ് നായകനായി 'സിക്സ് പോയിന്റ് ടു' എന്ന പേരില്‍ തമിഴില്‍ പുറത്തിറങ്ങിയ സിനിമ വിജയം നേടുകയും ചെയ്തു. 25 വര്‍ഷം നാടകവേദിയില്‍ നിറഞ്ഞുനിന്ന ശശിയെന്ന നടനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് രഞ്ജിത്താണ്. ഒത്ത ഉയരവും ശരീരവുമുള്ള ശശി നിരവധി നാടകങ്ങളില്‍ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ക്കാണ് ജീവന് നല്‍കിയത്.
നാടകവേദിയില്‍നിന്ന് സ്വായത്തമാക്കിയ തീവ്രമായ അനുഭവങ്ങളാണ് ശശിയുടെ കൈമുതല്‍. നിനച്ചിരിക്കാത്ത വേളയില്‍ സിനിമയിലെത്തിയ ശശി ഇതിനകം 250ഓളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കഥയും കഥാപാത്രവും അറിഞ്ഞില്ലെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ആരു വിളിച്ചാലും പോകുമെന്ന നിലപാടാണ് ശശിക്കുള്ളത്.
? നാടകത്തില്‍നിന്നും പലേരിമാണിക്യത്തിലൂടെ സിനിമയിലേക്കുള്ള വരവ്.
ഠ സത്യം പറഞ്ഞാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. പലേരിമാണിക്യത്തിന്റെ ചിത്രീകരണത്തിനു മുന്നോടിയായി നടത്തിയ ക്യാമ്പില്‍ ഞാനും പങ്കെടുത്തിരുന്നു. ക്യാമ്പില്‍ നാടകക്കാരും ഉണ്ടായിരുന്നു. രഞ്ജിത്ത് സാറാണ് എന്നെ ഡിവൈ.എസ്.പി. അഡ്വ. മോഹന്‍ദാസ് മണാനത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയത്. ആദ്യമായി ക്യാമറയുടെ മുന്നില്‍ കഥാപാത്രമായി അത്ഭുതത്തോടെയാണ് അഭിനയിച്ചത്. പലേരിമാണിക്യം പുറത്തിറങ്ങിയതോടെ ആളുകള്‍ തിരിച്ചറിയാനും തുടങ്ങി. പിന്നെ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ സെറ്റില്‍നിന്ന് സെറ്റിലേക്ക് യാത്രയാണ്.
? ശശിയെന്ന പേരിന്റെ കൂടെയുള്ള 'കലിംഗ'യുടെ പ്രത്യേകത.
ഠ എന്റെ യഥാര്‍ത്ഥ പേര് ശശിയെന്നാണ്. പലേരിമാണിക്യത്തില് അഭിനയിക്കാന്‍ പോയപ്പോഴാണ് സെറ്റിലെ ആരോ ശശി കലിംഗയെന്ന് കടലാസില്‍ എഴുതിക്കൊടുത്തത്. കലിംഗയെന്നത് കെ.ടി.യുടെ കോഴിക്കോട്ടെ നാടക ട്രൂപ്പിന്റെ പേരാണ്. ഞാനാണെങ്കില്‍ കലിംഗയുടെ ഒരു നാടകത്തിലും അഭിനയിച്ചിട്ടില്ല. എങ്കിലും രഞ്ജിത്ത് സാറ് ആ പേരു മാറ്റേണ്ടതില്ലെന്നും ശശി കലിംഗയെന്നാണ് നല്ലതെന്നും പറഞ്ഞതോടെയാണ് ഞാന്‍ ശശി കലിംഗയായി മാറിയത്. സത്യം പറഞ്ഞാല്‍ ശശിയുടെ കൂടെയുള്ള കലിംഗ എനിക്കിപ്പോള്‍ ഭാഗ്യമായി മാറിയിരിക്കുകയാണ്.
? ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍...
ഠ നാടകത്തിലായാലും സിനിമയിലായാലും നടനാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ഒരുതരം നിയോഗം പോലെയായിരുന്നു. കുന്നമംഗലം സെന്റ് ജോസഫ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്. കോഴിക്കോട് ഐ.ടി.ഐ.യില്‍നിന്നാണ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത്.
ഠ പി.എം. താജിന്റെ 'അഗ്രഹാര'മെന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു. വക്കീല്‍ ഗുമസ്തനായ കേശാമണിയെന്ന കഥാപാത്രത്തെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. വെണ്‍കുളം ജയകുമാര്‍ രചിച്ച ക്ഷത്രിയന് എന്ന നാടകത്തില്‍ നായകവേഷമായിരുന്നു. അഗ്നിവര്‍ണ മഹാരാജാവായാണ് ക്ഷത്രിയനില്‍ അഭിനയിച്ചത്.
? നാടകത്തെയും സിനിമയെയും ശശി കലിംഗ എങ്ങനെ വിലയിരുത്തുന്നു.
ഠ നാടകത്തെയും സിനിമയെയും ഒരിക്കലും ഒന്നിച്ചുകാണാനാവില്ല. ഓരോ നാടകക്കാരനും അനുഭവിക്കുന്ന വേദന അവര്‍ക്കു മാത്രമേ അറിയുകയുള്ളൂ. ഞാനത് ശരിക്കും അനുഭവിച്ചവനാണ്. സിനിമയെന്നത് മറ്റൊരു ലോകമാണ്.
? നാടകക്കാരുടെ ജീവിതം അനാവരണം ചെയ്ത ചിത്രമല്ലെ 'നടന്.' ആ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നില്ലെ.
ഠ കമല്‍സാറിന്റെ നടനെന്ന ചിത്രം എല്ലാവരും കാണേണ്ടതായിരുന്നു. ഇപ്പോഴും സമയമുണ്ടായാല്‍ ഞാന്‍ നാടകത്തില്‍ അഭിനയിക്കും. പിന്നെ അഭിനയമെന്നത് ആര്‍ക്കും പഠിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല. അഭിനയം ഉള്ളില്‍നിന്നു വരുന്ന അനുഭവമാണ്.
? മനസിനെ സ്പര്‍ശിച്ച സ്വന്തം കഥാപാത്രങ്ങള്‍....
ഠ പലേരിമാണിക്യത്തിലെ ഡിവൈ.എസ്.പി. അഡ്വ. മോഹന്‍ദാസ് മണാനത്ത്, തകരച്ചെണ്ടയിലെ പഴനിച്ചാമി, ഗദ്ദാമയിലെ കഥാപാത്രം, പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പന്‍, നടനിലെ മാലാഖ ജോണ്സന് തുടങ്ങിയ കഥാപാത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്.
? അപ്രതീക്ഷിതമായി സിനിമയിലെത്തിയ ശശി കലിംഗ നായകനായും അഭിനയിച്ചല്ലോ...
ഠ അതെ. നായകനായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു. സഹദേവന് ഇയ്യക്കാട് സംവിധാനം ചെയ്ത 'ഹലോ ഇന്ന് ഒന്നാംതീയതിയാണ്' എന്ന ചിത്രത്തിലാണ് നായകനായി അഭിനയിച്ചത്. തിരക്കുള്ള കോണ്ട്രാക്ടര് മദ്യത്തിനടിമയായി സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് സ്വന്തം കുടുംബത്തിന്റെ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മദ്യദുരന്തത്തിനെതിരായ ചിത്രമാണിത്.