
വാനനിരീക്ഷകര്‍ക്ക് വിരുന്നായി ജൂപ്പിറ്ററിനേക്കാള് അഞ്ചിരട്ടി വലുപ്പവും വീനസിനെക്കാള് പ്രകാശവുമുള്ള വാല്‍നക്ഷത്രം ഈ മാസം അവസാനം ആകാശത്തെ പ്രകാശമയമാക്കും. നിലവില്‍ ചൊവ്വാ ഗ്രഹത്തിന് സമീപമാണ് വാല്‍നക്ഷത്രം ഉള്ളത്.
വേഗത കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വാല് നക്ഷത്രം സൂര്യന് സമീപത്തേക്ക് സഞ്ചരിക്കുമ്പോള്‍ ഏപ്രില്‍ അവസാനത്തോടെ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സൂര്യന്റെ പകുതി വലുപ്പമാണ് അറ്റ്ലസ് എന്ന ഈ വാല്നക്ഷത്രത്തിനുള്ളത്.
ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുമ്പോഴും വാല്‍നക്ഷത്രം 72 ദശലക്ഷം മൈലുകള്‍ അകലെയായിരിക്കും എന്നതിനാല്‍ ഇതിന്റെ സാന്നിധ്യം ഭൂമിയ്ക്ക് ദോഷകരമായിരിക്കില്ല.
2019 ഡിസംബറിലാണ് ശാസ്ത്രജ്ഞര്‍ അറ്റ്ലസിനെ കണ്ടെത്തിയത്. അതിനു ശേഷം വാല്നക്ഷ്രത്തിന്റെ വാതകം കൊണ്ടുള്ള ആവരണത്തിന്റെ വ്യാസം 447,387 മൈലുകളായി വളര്‍ന്നിട്ടുണ്ട്. ജൂപ്പിറ്റര്‍ ഗ്രഹത്തിന്റെ വ്യാസം ആകട്ടെ 86,881 മൈലുകളാണ്. ഹവായിലെ അസ്ട്രോയിഡ് ടെറസ്ട്രിയല്‍ ഇംപാക്ട് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റമാണ് വാല് നക്ഷത്രം കണ്ടെത്തിയത്.






