
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം. കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശകലനം ചെയ്യുന്ന ലേഖനത്തിലാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അഭിനന്ദനം.
കേരളത്തിന്റെ നടപടികള്‍ കര്‍ശനവും മനുഷ്യത്വപരവുമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. രോഗവ്യാപനം തടയാനുള്ള നടപടികള്‍. കൊവിഡ് സംശയമുള്ളവരെ ക്വാറന്റീന് ചെയ്യല്‍. റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍. കര്‍ശനമായ പരിശോധനകള്‍, മികച്ച ചീകിത്സ തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. 30 വര്‍ഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്റെഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടുത്തെ ഉയര്‍ന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറാന്‍ സഹായിച്ചുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച രീതിയാണ് കൊവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുമ്പോള്‍ ആളുകളെ പരിശോധിക്കുന്നതില്‍ സജീവമായി മുന്നില്‍ നിന്നു. ഏപ്രില്‍ ആദ്യവാരം 13000ത്തില്‍ അധികം പരിശോധനകള്‍ നടന്നു. വലിയ സംസ്ഥാനങ്ങളായ ആന്ധ്ര 6000, തമിഴ്നാട് 8000 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. കേരളത്തില്‍ നടന്നിരുന്നതിന്റെ പത്ത് ശതമാനം പരിശോധന ദേശീയ തലത്തില്‍ നടന്നിരുന്നില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി 2.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം, അതിഥി തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ എല്ലാവര്ക്കും ഭക്ഷ്യകിറ്റ്, ധനസഹായം, സൗജന്യ ഭക്ഷണം, സമൂഹ അടുക്കള തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെന്നും ലേഖനത്തില്‍ വിവരിക്കുന്നു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംസ്ഥാനമായിട്ടും പുതിയ രോഗികളുടെ എണ്ണം 30 ശതമാനം കുറയ്ക്കാനായി. 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടാനായെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.







Comments