
ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചവയ്ക്കുന്ന പുകിയില ഉത്പന്നങ്ങളുടെ വിൽപന നിരോധിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സിഗരറ്റും ബീഡിയും പോലുള്ള പുകയ്ക്കുന്നവയ്ക്ക് വിലക്കില്ല.
മുറുക്കാൻ, പാൻമസാല തുടങ്ങിയവയുടെ വിപണനത്തിന് വിലക്കേർപ്പെടുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഇവ ഉമനീർ ഉത്പദാനം വർദ്ധിപ്പിക്കുകയും ആളുകൾക്ക് നിരന്തരം തുപ്പാനുള്ള പ്രേരണയുണ്ടാക്കുകയും ചെയ്യുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ ഇങ്ങനെ തുപ്പുന്നത് വൈറസ് വ്യാപനത്തിനിടയാക്കും അതുകൊണ്ട് ഇത്തരം പുകയില ഉത്പന്നങ്ങൾ പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്നതും തുപ്പുന്നതും തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിൽ മന്ത്രാലയം ആവശ്യപ്പെടുന്നത്.
ജാർഖണ്ഡ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാണ,നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കൊറോണയുടെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.






