
തിരുവനന്തപുരം : കോവിഡ് കാലത്തു മുഖ്യമന്ത്രി പിണറായി വിജയനെ ആരോപണങ്ങളുടെ പ്രതിക്കൂട്ടിലാക്കിയ സ്പ്രിങ്ളര്‍ കരാര്‍ റദ്ദാക്കിയേക്കും. ഇക്കാര്യം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നു സി.പി.എം. വൃത്തങ്ങള്‍ വ്യക്തമാക്കി.
തന്റെ വിവേചനാധികാരമുപയോഗിച്ചാണു കരാര്‍ ഒപ്പിട്ടതെന്ന് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ വെളിപ്പെടുത്തിയെങ്കിലും അതു സര്‍ക്കാരിനെ രക്ഷിക്കാന്‍ പര്യാപ്തമല്ലെന്നാണു വിലയിരുത്തല്‍. ശിവശങ്കറിനെ ബലിയാടാക്കി രക്ഷപ്പെടാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നു പ്രതിപക്ഷം ആരോപിക്കുന്നു. വിദേശ കമ്പനിയുമായുണ്ടാക്കിയ കരാറില്‍ തകരാറുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന ശിവശങ്കറിന്റെ പ്രസ്താവനയും സര്‍ക്കാരിനെ വെട്ടിലാക്കി. കരാറുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നെന്നും ശിവശങ്കര്‍ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കു പങ്കാളിത്തമുള്ള കമ്പനിക്കു സ്പ്രിങ്ളറുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷാരോപണം സി.പി.എം. തള്ളി. സ്പ്രിങ്ളര്‍ കരാറില്‍ സാങ്കേതികപിഴവ് സംഭവിച്ചെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്, മുഖ്യമന്ത്രിയുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് കരാര്‍ പിന്‍വലിക്കാനുള്ള സാധ്യത തേടുന്നത്. കരാറിനു മുമ്പ് നിയമോപദേശം തേടാതിരുന്നതും ഗുരുതരവീഴ്ചയായി. ഐ.ടി. സെക്രട്ടറി മുന്‍കൈയെടുത്ത മറ്റു കരാറുകളെക്കുറിച്ചും അന്വേഷണാവശ്യമുയര്ന്നു.
കോവിഡുമായി ബന്ധപ്പെട്ടു ശേഖരിക്കുന്ന വിവരങ്ങള്‍, സി.ഡിറ്റിന്റെ സെര്‍വറുകള്‍ തയാറാകുന്നതുവരെ സ്പ്രിങ്ളറിന്റെ സെര്‍വറില്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. ഡേറ്റകള്‍ സൂക്ഷിക്കുന്ന ഇന്ത്യയിലെ ആമസോണ്‍ ക്ലൗഡില്‍ സി.ഡിറ്റിനു സെര്വറുണ്ട്. ഈ സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കുന്ന നടപടി കഴിഞ്ഞദിവസം പൂര്‍ത്തിയായി.
സി.ബി.ഐ. അന്വേഷണം വേണം: മുല്ലപ്പള്ളി
തിരുവനന്തപുരം: ധാര്‍മ്മികത അല്‍പ്പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഡാറ്റ വിവാദം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സി.പി.എം. തയാറാകണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഐ.ടി. സെക്രട്ടറിയെ നീക്കണം: ബെന്നി ബഹന്നാന്
കൊച്ചി: സ്പ്രിങ്ളര്‍ വിവാദവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമേറ്റ ഐ.ടി. സെക്രട്ടറിയെ നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹന്നാന് എം.പി.






