
കൊറോണ വൈറസ് ഭീതിയാണ് ലോകമെങ്ങും. ഇതുവരെ 22 ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. ഒന്നരലക്ഷത്തിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഏവരും വീടുകളില്‍ തന്നെ കഴിയുകയാണ്. പൊതു പരിപാടികളെല്ലാം നിരോധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ വിനോദോപാധികളായ തീയേറ്ററുകളും അടഞ്ഞുകിടക്കുകയാണ്. ഈസ്റ്റര്‍, വിഷു, ഈദ് ലക്ഷ്യമിട്ട് നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്നത്. ഇവയുടെയൊക്കെ റിലീസ് ഇതോടെ അവതാളത്തിലായിരിക്കുകയാണ്. അതിനിടെ 'വെയിൽ' എന്ന ഷെയ്ൻ നിഗം സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നടനുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു വെയിൽ. നിർമ്മാതാക്കളുമായുണ്ടായ വാക്ക് തർക്കങ്ങൾ ഷെയ്നിനെതിരെ വിലക്ക് വീഴുക വരെയെത്തിച്ചിരുന്നു. ഒടുവിൽ ഷെയ്ൻ നഷ്ടപരിഹാരത്തുക നൽകിയതോടെ പ്രശ്നങ്ങളെല്ലാം ഒത്തു തീർന്നിരുന്നു. ഇപ്പോൾ വെയിലിന്റെ പുതിയ പോസ്റ്റർ കണ്ടപ്പോൾ ആരാധകർ ആവേശഭരിതരായിരിക്കുകയാണ്.
ഇരുട്ടിൽ പുകവലിക്കുന്ന ഷെയ്നിന്റെ ചിത്രമാണ് പോസ്റ്ററിൽ. നവാഗതനായ ശരത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോബി ജോർജ് ആണ് നിർമ്മാണം. ഷെയ്നിനൊപ്പം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് ആണ് വിതരണം.
കൊറോണ വൈറസ് ഭീതിയും ജാഗ്രതയും അകന്നാൽ എത്രയും പെട്ടെന്ന് സിനിമ തീയേറ്ററുകളിലെത്തണമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.






