
ചത്തീസ്ഗഡ്: നിഷ ജിൻഡാൽ എന്ന വ്യാജപ്പേരിൽ ഫെയ്സ്ബുക്ക് പേജിലൂടെ സമുദായിക വിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രവി പുജാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചത്തീസ്ഗഡ് റായ്പുർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിവാദ പോസ്റ്റുകൾ തുടർച്ചയായി വരാന് തുടങ്ങിയതോടെയാണ് ഫെയ്സ്ബുക്ക് പേജ് പോലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പേജ് വ്യാജമാണെന്നും സ്ത്രീയുടെ പേരിൽ ഒരു പുരുഷനാണ് ഇത് നടത്തുന്നതെന്നും കണ്ടെത്തി. 10,000 ഫോളോവേഴ്സാണ് ഈ ഫെയ്സ്ബുക്ക് പേജിന് ഉള്ളത്.
'സാമുദായിക ഐക്യം തകർക്കുന്നതിന്റെ പേരിൽ നിഷ ജിൻഡാലിനെ അറസ്റ്റുചെയ്യാൻ എത്തിയ റായ്പുർ പോലീസ് കണ്ടെത്തിയത് രവി പുജാറിനെയാണ്. കഴിഞ്ഞ 11 വർഷമായി ഇയാൾക്ക് തന്റെ എൻജിനീയറിങ് പേപ്പറുകൾ പൂർണമായി എഴുതിയെടുക്കാൻ സാധിച്ചിട്ടില്ല.' ഐഎഎസ് ഉദ്യാഗസ്ഥ പ്രിയങ്ക ട്വീറ്റ് ചെയ്തു.
साम्प्रदायिक वैमनस्यता भड़काने के आरोप में जब @RaipurPoliceCG FB user “निशा जिंदल” को गिरफ़्तार करने पहुँची तो पता चला कि ११ साल से engineering पास नहीं कर पा रहे “रवि” ही वास्तव में “निशा”हैं! 😱
“निशा” के >10,000 फ़ालोअर्ज़ को सच बताने पुलिस ने रवि से ही उनकी सच्चाई पोस्ट कराई! pic.twitter.com/x7RSCqRftn— Priyanka Shukla (@PriyankaJShukla) April 18, 2020
വ്യാജപ്പേരിൽ ഫെയ്സ്ബുക്ക് പേജ് ആരംഭിച്ച് സാമുദായിക വിദ്വേഷം പടർത്താൻ ശ്രമിച്ച രവിയോട് സ്വന്തം ഫോട്ടോ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യാനും പോലീസ് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് 'ഞാൻ പോലീസ് കസ്റ്റഡിയിലാണ് ഞാനാണ് നിഷ ജിൻഡാൽ' എന്നെഴുതി ഇയാൾ സ്വന്തം ഫോട്ടോ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
റായ്പുർ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബഘേലും ട്വീറ്റ് ചെയ്തിരുന്നു. 'ഒരു തട്ടിപ്പും വെറുതെ വിടില്ല. തെറ്റിദ്ധരിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാം നമുക്ക് വെളിപ്പെടുത്താം. റായ്പൂർ പോലീസ് നിങ്ങൾ ചെയ്തത് നല്ല പ്രവർത്തിയാണ്.' ഭൂപേഷ് കുറിച്ചു.
ഐപി അഡ്രസ് പിന്തുടർന്നാണ് പോലീസ് രവിയെ കണ്ടെത്തിയത്. പോലീസ് പിടിയിലായ ഇയാളുടെ കൈയിൽ നിന്ന് ലാപ്ടോപ്പും, മൊബൈലും പോലീസ് പിടിച്ചെടുത്തു.






