
ന്യൂഡല്‍ഹി: രാജ്യത്ത് രോഗലക്ഷണങ്ങള്‍ കാണിക്കാതെയും കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട്. ലോകം മുഴുവന്‍ വന്‍ ആള്‍നാശം സൃഷ്ടിച്ച് പടര്‍ന്നു പിടിക്കുന്ന കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ചില രോഗികള്‍ക്ക് രോഗം സംബന്ധിച്ച ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. 20 നും 45 നും ഇടയില്‍ പ്രായക്കാര്‍ക്കാണ് ലക്ഷണം ഇല്ലാതെ രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ തമിഴ്നാട്ടില്‍ മാധ്യമപ്രവര്‍ത്തകരെ രോഗികളായി കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 65 ശതമാനം വരുന്ന 3,648 രോഗികളില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. യുപിയില്‍ 75 ശതമാനം വരുന്ന 974 പേര്‍ക്ക് പരിശോധന നടത്തുന്നത് വരെ ഒരു രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു. അസമില്‍ 82 ശതമാനം വരുന്ന 34 കേസുകളും ഈ രീതിയിലായിരുന്നു. ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച 192 പേരില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു മുഖ്യമന്ത്രി അരവിന്ദകെജ്രിവാള് പറഞ്ഞു. ഹരിയാനയില്‍ ഇത്തരം കേസുകള്‍ ഏറെയായിരുന്നെന്നും വിവരമുണ്ട്.
രോഗം ബാധിക്കുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കും രോഗ ലക്ഷണങ്ങള്‍ എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. വ്യക്തിയില്‍ പ്രവേശിച്ചിരിക്കുന്ന വൈറസിന്റെ ആധിക്യം, രോഗിയുടെ പ്രായം, പ്രതിരോധശേഷി എന്നിവയെ ആശ്രയിച്ചാണ് രോഗലക്ഷണം കാണിക്കുക. വൈറസിന്റെ ആധിക്യം കുറവായാല്‍ രോഗലക്ഷണം കാണിക്കില്ല. ഇത് പരിശോധനയിലൂടെ മാത്രമേ അറിയാനാകു. പ്രധാനമായും ഈ അവസ്ഥ രോഗബാധിതരായ 20 നും 45 നും ഇടയില്‍ പ്രായക്കാര്‍ക്കാണ്. അതുപോലെ ചില പ്രത്യേക മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്ന പ്രായമായവരിലും എളുപ്പം രോഗലക്ഷണം കാണിക്കില്ല. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ലക്ഷണം വേഗത്തില്‍ പ്രകടമാകുകയെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
സാധാരണഗതിയില്‍ രോഗബാധിതര്‍ക്ക് ക്വാറന്റൈന് കാലാവധി 14 ദിവസം നല്‍കണം എന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നതെങ്കിലും കേരളത്തില്‍ നേരത്തേ 22 ദിവസം കഴിഞ്ഞിട്ടും കോവിഡ് പോസിറ്റീവായി തുടര്‍ന്നിരുന്നത് വാര്‍ത്തയായിരുന്നു. ഇങ്ങിനെ ലക്ഷണം കാട്ടാത്തവരെ പരിശോധന നടത്തി രോഗികളാണോ അല്ലയോ എന്ന് കണ്ടെത്തുന്നത് ഏറെ ദുഷ്ക്കരമാണ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പൂള് ടെസ്റ്റിംഗ് മെക്കാനിസമാണ് മിക്ക സംസ്ഥാനങ്ങളും നടപ്പിലാക്കിയിരിക്കുന്നത്.
പൂള് ടെസ്റ്റില്‍ 64 പേരുടെ സാമ്പിളുകള്‍ ഒരുമിച്ച് എടുത്ത് പരിശോധന നടത്തുന്നു. ഇതില്‍ ഒരു പോസിറ്റീവ് എങ്കിലും ഉണ്ടായാല്‍ ഓരോരുത്തരെയും കോവിഡ് പരിശോധനയ്ക്ക് ഇരയാക്കുന്നതാണ് രീതി. ഇങ്ങിനെ ലക്ഷണം കാട്ടാത്തവരില്‍ പരിശോധന നടത്തി രോഗം കണ്ടെത്താന്‍ കഴിഞ്ഞത് ചൈനയിലും ദക്ഷിണ കൊറിയയിലും ഏറെ ഫലപ്രദമായിരുന്നു. ചൈനയില്‍ രോഗലക്ഷണം കാട്ടാതെ തന്നെ വൈറസ്ബാധയേറ്റ 43,000 പേരെ കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. ദക്ഷിണകൊറിയയില്‍ 30,000 പേരെയാണ് ഈ രീതിയില്‍ മാറ്റിയത്.






