
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ ജഗതി അഭിനയിച്ച ചില രംഗങ്ങള്‍ വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഓര്‍ക്കുമ്പോഴേ ഉള്ളില്‍ ചിരിപടര്ത്തുന്നവയാണ്.
മണ്ണിന് വെളിയിലുള്ള ജഗതിച്ചേട്ടന്റെ തല ഫുട്ബോളാണെന്ന് കരുതി ഭ്രാന്തന്മാരിലൊരാള്‍ ഓടിവന്ന് തൊഴിക്കുന്ന ആ രംഗം മാത്രമാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതി വച്ചിട്ടുണ്ടായിരുന്നത്. തിരക്കഥയില്‍ തുമ്പി മൂക്കില്‍ വന്നിരിക്കുന്ന സീന്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ ചിത്രീകരണവേളയില്‍ ജഗതിച്ചേട്ടന് പറഞ്ഞു, ഭ്രാന്തന് തന്റെ തല കണ്ട് ഫുട്ബോളാണെന്ന് തെറ്റിദ്ധരിക്കുന്നത് വരെ കുഴിക്കു പുറത്തുള്ള തന്റെ മുഖത്തിന് അഭിനയിക്കാന്‍ എന്തെങ്കിലും വേണം.അതിന് ഒരു ഈച്ച മുഖത്ത് വന്നിരിക്കുന്നത് ചിത്രീകരിച്ചാല്‍ വളരെ നന്നാവുമെന്ന നിര്‍ദേശം ജഗതിച്ചേട്ടന് തന്നെയാണ് മുന്നോട്ട് വച്ചത്.അതോടെ സെറ്റിലുള്ളവര്‍ ഈച്ചയെ പിടിക്കാനുള്ള ഓട്ടത്തിലായി.
അതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഉണ്ടാക്കിയ കുഴിയില്‍ സ്റ്റൂള് ഇട്ട് ജഗതിച്ചേട്ടനെ അതിനുള്ളില്‍ നിര്‍ത്തി. തല മാത്രം പുറത്താക്കി താഴെ കാര്‍ഡ് ബോര്‍ഡ് വച്ച് അതിന് മുകളില്‍ മണ്ണിട്ട് നികത്തി. പക്ഷേ ഈച്ചയെ പിടിക്കാന്‍ പോയവര്‍ക്ക് അപ്പോഴും ഈച്ചയെ കിട്ടിയില്ല. ജഗതിച്ചേട്ടന് തലയും പുറത്തിട്ട് നില്‍ക്കുകയാണ്. അപ്പോളാണ് കുട്ടികള്‍ കല്ലെടുപ്പിക്കുന്നത് പോലെയുള്ള തുമ്പി ഒരെണ്ണം പറക്കുന്നത് കണ്ടത്. ഉടനെ സെറ്റിലെ ആരോ തുമ്പിയെ പിടിച്ചുകൊണ്ടുവന്നു. തുമ്പിയെ ചുമ്മാ ജഗതിച്ചേട്ടന്റെ മൂക്കില്‍ കൊണ്ടു വയ്ക്കാന്‍ പറ്റില്ലല്ലോ, പറന്നുപോയാല്‍ പണിയാകും.
ഇതോടെ സൂപ്പര്‍ ഗ്ലൂ എന്ന പശ വാങ്ങി അതുപയോഗിച്ച് തുമ്പിയെ മൂക്കിന് തുമ്പില്‍ ഒട്ടിച്ചു. ആക്ഷന്‍ പറയുന്നതിന് മുമ്പുതന്നെ ജഗതിച്ചേട്ടന് കോക്രി കാണിച്ചും ഗോഷ്ഠി കാണിച്ചും അസ്വസ്ഥത അഭിനയിച്ചു തുടങ്ങി. തുമ്പിയും വെറുതെയിരുന്നില്ല. റ പോലെ വാലു ചുരുട്ടിയും വിടര്‍ത്തിയും പകര്‍ന്നാടുകയായിരുന്നു.






