
തിരുവനന്തപുരം: അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് സ്പ്രിംക്ളര്‍ ഇടപാടെന്നും കള്ളത്തരം കയ്യോടെ പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ജാള്യതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കുകയായിരുന്നു എന്നും ഇപ്പോഴും തെളിവ് ആവശ്യപ്പെടുന്നത് ജാള്യത മറയ്ക്കാനാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്ന കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ആര് പറഞ്ഞതാണ് ശരിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സ്പ്രീംക്ളറുമായി ചര്‍ച്ച നടത്തിയോ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. ക്വാറന്റൈനില്‍ കിടക്കുന്ന പാവപ്പെട്ട രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത് പ്രതിപക്ഷം എന്ന നിലയില്‍ തങ്ങള്‍ക്ക് ചോദിക്കാന്‍ ബാധ്യതയുണ്ടെന്നും പറഞ്ഞു.
ഇക്കാര്യത്തില്‍ താന്‍ ആരോപണം ഉന്നയിക്കും വരെ ഒരു വിവരങ്ങളും പുറത്തു വന്നിരുന്നില്ല എന്നും എല്ലാ ആരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തിലാണ് ഉന്നയിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇടപാട് മന്ത്രിസഭ അറിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയാണ്.
മന്ത്രിസഭയോ നിയമവകുപ്പോ അറിയാതെ എങ്ങിനെ ഇടപാടി സാധ്യമായി. കോവിഡുമായി ബന്ധപ്പെട്ട് ഒരു മാസം മുഴുവന്‍ വാര്‍ത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രി ഇടപാട് സംബന്ധിച്ച് ഒരു സൂചനയും നല്‍കിയിട്ടില്ലെന്നും പറഞ്ഞു. അതിനിടയില്‍ സ്പ്രിംക്ളറിന് ഇനി ഇവിരം കൈമാറരുതെന്നും ഡേറ്റാ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും ഹൈക്കോടതിയും ആവശ്യപ്പെട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വഴി സ്വീകരിച്ച ഹര്‍ജി പരിഗണിച്ച് ഡിവിഷന് ബഞ്ച് സര്‍ക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.






