
നരേന്ദ്രമോഡിയേയും ട്രംപിനേയും കൊണ്ട് തമിഴ് പാട്ടു പാടിപ്പിച്ചിരിക്കുന്ന ട്രോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ‘ദളപതി’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും രജനികാന്തും തകർത്താടിയ ‘കാട്ട് കുയില്‍’ എന്ന പാട്ട് ഡോണൾഡ് ട്രംപും നരേന്ദ്രമോഡിയും ചേർന്നു പാടുന്നതായാണ് ട്രോൾ വിഡിയോയിൽ. വിഡിയോ കണ്ട് അമ്പരന്ന സംവിധായകൻ രാം ഗോപാൽ വർമ പങ്കുവച്ച ട്വീറ്റ് വെെറലായിരുന്നു. എനിക്ക് ഈ എഡിറ്ററെ വിവാഹം ചെയ്യണമെന്നായിരുന്നു രാം ഗോപാൽ വർമയുടെ പ്രതികരണം.
ഇതോടെ വിഡിയോയുടെ അണിയറക്കാരനെ അന്വേഷിച്ച് നിരവധി പേർ രംഗത്തു വന്നു. ഇൻസ്റ്റഗ്രാമിൽ ‘മല്ലു വൈനർ’ എന്നറിയപ്പെടുന്ന മലയാളിയായ വിഘ്നേഷ് ജയൻ ആണ് ഈ ട്രോൾ വിഡിയോയ്ക്കു പിന്നിൽ. ശരിക്കും ഞെട്ടിയിരിക്കുകയാണെന്നും സന്തോഷമുണ്ടെന്നുമാണ് വിഘ്നേഷിന്റെ പ്രതികരണം. ഇതിനു മുൻപും വിഘ്നേഷ് ചെയ്ത വിഡിയോകളെല്ലാം സമൂഹമാധ്യമങ്ങളിൽ രസകരമായ ചർച്ചകൾക്കു വഴി വച്ചിരുന്നു. മാക് അക്കാദമിയിൽ വിഷ്വൽ എഫക്ട് കോഴ്സിനു പഠിക്കുകയാണ് വിഘ്നേഷ്.
ആഫ്രിക്കൻ പര്യടനത്തിടയിൽ ടാൻസാനിയയിൽ എത്തിയ പ്രധാനമന്ത്രി, പരമ്പരാഗതമായ ആഫ്രിക്കൻ ഡ്രംസ് കൊട്ടിയതിന്റെ ദൃശ്യങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. പാട്ടു തുടങ്ങുന്നത് ട്രംപാണ്. ഒപ്പം നരേന്ദ്രമോഡിയും ചേരുന്നു. പാട്ടിനൊപ്പം ഇരുനേതാക്കളും ചുണ്ടു ചലിപ്പിക്കുന്നതുപോലും വളരെ കൃത്യമായാണ്. നരേന്ദ്രമോഡിയും ഡോണാൾഡ് ട്രംപും പരസ്പരം ആലിംഗനം ചെയ്യുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. നാൽപ്പതു സെക്കൻഡു മാത്രം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.







Comments