
മലയാളസിനിമയില്‍ സഹോദരനായും സുഹൃത്തായും കോളജ് പയ്യനായുമൊക്കെയെത്തി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരമാണ് സുധീഷ്. ഒരു ഇടവേളയ്ക്ക് ശേഷം തീവണ്ടി, കല്‍ക്കി, ഇടക്കാട് ബറ്റാലിയന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ ആളായിരുന്നു സുധീഷ്. തന്റെ അഭിനയ ജീവിതത്തില്‍ വന്ന ഇടവേളയെ കുറിച്ച് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് സുധീഷ്.
'' സ്റ്റീരിയോ ടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാന്‍. നായകന്റെ സുഹൃത്തായോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും എന്നെ തേടിയെത്തിയത്. നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടി വന്നില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍, അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു. പുതിയ അഭിനയജീവിതം ഏറെ ആസ്വദിക്കുന്നു.
ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറാകണം. ഞാനത് ചെയ്തു അത്രേയുള്ളൂ. ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും അഭിനയിക്കാനായി എന്നെ വിളിക്കുന്നു. അത് സന്തോഷം നല്കുന്ന കാര്യമാണ്. പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.'' - സുധീഷ് പറയുന്നു.






