മുംബൈ: വരുമാനം വര്‍ര്‍ദ്ധിപ്പിക്കാന്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്ന് ആവശ്യമുന്നയിച്ച മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ താക്കറെയെ പരിഹസിച്ച് ശിവസേന. ലോക്ക് ഡൗണ്‍ കാരണം വൈന്‍ ഷോപ്പുകള്‍ മാത്രമല്ല, മദ്യ നിര്‍മ്മാണ ഫാക്ടറികള്‍ തന്നെ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം രാജ് താക്കറെ അറിഞ്ഞിരിക്കണമെന്ന് ശിവസേന ഓര്‍മ്മപ്പെടുത്തി. പാര്‍ട്ടി മുഖപത്രമായ സാംമ്നയുടെ എഡിറ്റോറിയലിലാണ് പരിഹാസം.
ഷോപ്പുകള്‍ തുറക്കുന്നതിലൂടെ മാത്രം വരുമാനം ലഭിക്കില്ല. ഒരു വിതരണക്കാരന് ഫാക്ടറികളില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ സര്‍ക്കാരിന് എക്സൈസ്,സെയില്‍സ് ടാക്സ് രൂപത്തില്‍ വരുമാനം ലഭിക്കും. ഈ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തൊഴിലാളികള്‍ ആവശ്യമാണ്. കുടാതെ ഷോപ്പുകള്‍ വീണ്ടും തുറന്നാല്‍ സാമൂഹ്യ അകലം പാലിക്കില്ലെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
രാജ് താക്കറെ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തില്‍ വൈന്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുന്നത് മദ്യം ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയല്ലെന്നും മറിച്ച് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ വരുമാനം ഉറപ്പുവരുത്തുന്നതിന് വേണടിയാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ രാജ് താക്കറെയ്ക്ക് ഭക്ഷണത്തേക്കാള്‍ പ്രധാനപ്പെട്ടതാണ് മദ്യം എന്നായിരുന്നു ശിവസേനയുടെ പരിഹാസം. ആളുകള്‍ക്ക് ചോറ് പ്രധാനമാണ്. എന്നാല്‍ അത്രതന്നെ പ്രധാനമാണ് ക്വാര്‍ട്ടറും പെഗും എന്ന വിലപ്പെട്ട വിവരാമണ് രാജ് താക്കറെ പങ്കുവച്ചതെന്നും ശിവസേന പരിഹസിച്ചു.






