തിരുവനന്തപുരം: സാലറി ചലഞ്ച് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അഞ്ച് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പിടിക്കുന്ന ശമ്പളം തിരിച്ചുകൊടുക്കും. അത് എങ്ങനെ വേണമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ചുകൊടുക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ചിലര്‍ക്ക് പി.എഫില്‍ ലയിപ്പിക്കും അതെല്ലാം സാമ്പത്തിക സ്ഥിതി പരിഗണിച്ച് ചെയ്യും. എങ്ങനെ തിരിച്ചുകൊടുക്കണമെന്ന് ആലോചിക്കാന്‍ ഇനിയും ആറ് മാസം സമയമുണ്ടന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തില്‍ നിന്ന് വ്യത്യസ്തമായ നടപടിയാണ് കേരളത്തില്‍ സ്വീകരിച്ചത്. അവിടെ ഡി.എ കട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനം ഡി.എ കുടിശിഖ നല്‍കും. സര്‍ക്കാര്‍ ഓര്‍ഡര്‍ കത്തിച്ചുകൊണ്ടുള്ള അധ്യാപക സംഘടനകളുടെ പ്രതിഷേധം അതിരുകടന്നതാണ്. വേതനം പോലുമില്ലാതെ സാധാരണക്കാര്‍ വീട്ടിലിരിക്കുമ്പോഴാണ് അധ്യാപക സംഘടനകള്‍ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.






