
അന്തരിച്ച വസ്ത്രാലങ്കാര കലാകാരൻ വേലായുധൻ കീഴില്ലത്തെ സ്മരിച്ച് നടൻ ജയറാം. സ്വന്തം നാട്ടുകാരൻ കൂടിയായ അദ്ദേഹത്തോടപ്പം നിരവധി സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് നടൻ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയറാമിന്റെ പ്രതികരണം.
ജയറാം കുറിക്കുന്നു
എത്രയൊ സിനിമകളിൽ എനിക്ക് എത്രയോ ഉടുപ്പുകൾ തുന്നി തന്ന എന്റെ നാട്ടുകാരൻ കൂടിയായ പ്രിയപ്പെട്ട വേലായുധൻ ചേട്ടന് (വേലായുധൻ കീഴില്ലം) എന്റെ പ്രണാമം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
പെരുമ്പാവൂരിനടുത്ത് കീഴില്ലത്താണ് വേലായുധൻ ജനച്ചത്. ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്രരംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സിദ്ധിഖിന്റെ മോഹൻലാൽചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിർവഹിച്ചത്. റാംജിറാവ് സ്പീക്കിങ് മുതൽ സിദ്ധിഖ് ലാൽ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു.
കെ.ജി.ജോർജിന്റെ ഉൾക്കടലിൽ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങൾ, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി.
കമൽ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദർശൻ, സിബി മലയിൽ, ഫാസിൽ, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവഹിച്ചു. ബാലചന്ദ്ര മേനോന്റെ കലികയിൽ അതിഥിതാരമായി വേഷമിട്ടിട്ടുമുണ്ട്.






