
‘അനിയത്തിപ്രാവി’ന്റെ നായകനായി ബൈക്കോടിച്ച് മലയാള സിനിമയിലേക്കെത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. എവര്‍ഗ്രീന്‍ ഹീറോ എന്ന പദം അന്നുമിന്നും ശരിക്കും യോജിക്കുന്ന അഭിനേതാവ്. ഒരു തലമുറയുടെ പ്രണയകാലസ്പന്ദനംകൂടിയായ താരം അന്നത്തെ ചോക്ലേറ്റ് ഹീറോയായിരുന്നു. ആ സമയത്ത് കൗമാരപ്രണയ സിനിമകളില്‍ ചാക്കോച്ചന്‍ നിറഞ്ഞു നിന്നു.
ഒരുപോലെയുള്ള സിനിമകള്‍ റിപ്പീറ്റഡായി വന്നു തുടങ്ങിയതോടെ ചാക്കോച്ചന്‍ ബിഗ് സ്ക്രീനില്‍ നിന്ന് ഇടവേളയെടുത്ത് ബിസിനസ്സിലേക്ക് തിരിഞ്ഞു. സിനിമയെന്ന പാഷന്‍ വീണ്ടും മനസ്സിലെ പിടിച്ചു വലിക്കാന്‍ തുടങ്ങിയപ്പോള്‍ ലോലിപോപ്പ് എന്ന ചിത്രത്തിലൂടെ താരം പിന്നീടൊരു തിരിച്ചുവരവ് നടത്തി. പിന്നീടിങ്ങോട്ട് കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് കുഞ്ചാക്കോ ബോബന്‍ മലയാളികളെ വിസ്മയിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥാപത്രങ്ങളുടെ ട്രാക്ക് മാറ്റി പിടിച്ച ചാക്കോച്ചന്‍ നായകനില്‍ നിന്ന് വില്ലനിലേക്ക് വരെ പരിണമിച്ചു. ചോക്ലേറ്റ് കഥാപാത്രങ്ങളിൽ നിന്ന് മാറി സീരിയസ് റോളുകളും വ്യത്യസ്തത നിറഞ്ഞ വേഷങ്ങളും ചെയ്തതോടു കൂടി താരം മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത താരമായി മാറി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ താരം നിലവില്‍ ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഈ സിനിമയിലെ താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും മികച്ച അഭിനയവും പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ തന്റെ മകന്‍ ഇസഹാക്ക് എന്ന ഇസുക്കട്ടന്റെ സ്വപ്നത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇസുവിന് ആരാകണമെന്ന് പ്രിയയുടെ അമ്മ ചോദിച്ചപ്പോള്‍ ഇസു പറഞ്ഞ മറുപടിയും അതിനു പിന്നിലെ തമാശയുമാണ് ചാക്കോച്ചന്‍ പങ്കിടുന്നത്.
‘‘അന്ന് പ്രിയയുടെ അമ്മ വീട്ടിലുണ്ടായിരുന്നു, അമ്മ ഇസുക്കുട്ടനോട് ചോദിച്ചു, മോന് ആരാവണം എന്നാണ് ആഗ്രഹം? എന്ന്. അപ്പൊ അവൻ അമ്പാന്‍ ആവണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞു. അങ്ങനെ അമ്മ പ്രിയയുടെ അടുത്തെത്തി പറഞ്ഞു, മോളേ നീ നിന്റെ മകനെ നല്ല രീതിയിലാണ് വളര്‍ത്തിയത്, ഞാന്‍ അവനോട് ചോദിച്ചു ആരാകാനാണ് ആഗ്രഹമെന്ന്, അപ്പോള്‍ അവന്‍ പറഞ്ഞത് അംബാനി എന്നാണ്. ഇതു കേട്ടപ്പോള്‍ ‘ആഹാ അവന്‍ അങ്ങനെ പറഞ്ഞോ’ എന്നായി പ്രിയ. എന്നിട്ട് പ്രിയ ഇസുവിനോട് ചോദിച്ച്, നിനക്ക് അംബാനി ആവണം എന്ന്? അംബാനി...’ എന്ന്. അപ്പോള്‍ അവന്‍ ചോദിച്ചത്, അംബാനിയോ അതാരാ? എന്നായിരുന്നു. അതോടെ പ്രിയ ഓക്കെ ഓക്കെ എന്നും പറഞ്ഞ് വിഷയം മാറ്റി. അമ്മ അങ്ങനെ ചിന്തിച്ച സ്ഥിതിക്ക് അങ്ങനെ തന്നെ ആവട്ടെ, നടക്കട്ടെ എന്ന് പറഞ്ഞു. എല്ലാവരെയും ഭയങ്കരമായി ഇൻഫ്ലുവൻസ് ചെയ്യുന്ന ഒരു ക്യാരക്ടർ ആയതുകൊണ്ട് സംഭവിച്ചാണത്. ആ കഥാപാത്രത്തിന് അത്രയും സ്വാധീനമുണ്ട്...’’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ‘ആവേശം’ എന്ന സിനിമയിലെ അംബാന്‍ എന്ന കഥാപാത്രം സിനിമയിറങ്ങി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും തരംഗമാണ്. ഇന്‍സ്റ്റ റീല്‍സിലൂടെയും ട്രോളുകളിലൂടെയും അംബാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ‘അംബാനെ’ എന്ന വിളി പോലും ഇന്നും ട്രെന്‍ഡിംഗാണ്.






