
മെക്സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ മതിലും വേലിയും കിടങ്ങുകളും തീര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഐഡിയ ഉണ്ടാക്കിയ ചര്‍ച്ച ചെറുതല്ല. കൊറോണ വൈറസ് രാജ്യത്തുടനീളംപടര്ന്നു പിടിക്കുമ്പോള്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ആശയം കടമെടുക്കുകയാണ്. അതിര്‍ത്തികളില്‍ മതിലുകള്‍ തീര്‍ത്തും കുഴികള്‍ കുഴിച്ചും മണ്ണിട്ടു പൊക്കിയുമെല്ലം ദേശീയപാതകള്‍ അടച്ച് അയല്‍ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചില സംസ്ഥാനങ്ങള്‍.
അന്യസംസ്ഥാനക്കാര്‍ അനധികൃതമായി കടന്നു വരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ വ്യത്യസ്ത മാര്‍ഗ്ഗമാണ് അവലംബിച്ചിരിക്കുന്നത്. അതിര്‍ത്തി ജില്ലയായ വെല്ലൂരില്‍ ആന്ധ്രയില്‍ നിന്നുള്ള ആള്‍ക്കാരെ തടയാന്‍ തമിഴ്നാട് ചെയ്തത് എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ആന്ധ്രയേയും തമിഴ്നാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ പാതയിലും ഒറ്റരാത്രി കൊണ്ട് കല്ലും ഇഷ്ടികയും കൊണ്ട് ഉഗ്രന്‍ മതിലുള് പണിതുയര്‍ത്തി. ഓരോ മതിലിനും മൂന്നടി വീതിയും അഞ്ചടി ഉയരവുമുണ്ട്.
രണ്ടു കാര്യങ്ങളാണ് ഇതിലൂടെ തമിഴ്നാട് ലക്ഷ്യമിട്ടത്. ഒന്ന് ആന്ധ്രാക്കാരുടെ വെല്ലൂരിലേക്കുള്ള ഗതാഗതം തടയുക. മറ്റൊന്ന് തമിഴ്നാട്ടിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആതുര സേവനങ്ങള്‍ അന്യ സംസ്ഥാനക്കാര്‍ ഉപയോഗിക്കുന്നത് തടയുക. ഇതോടെ ആപ്പിലായി പോയത് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പാല് കച്ചവടക്കാരാണ്. ദിനം പ്രതി ആന്ധ്രയിലേക്ക് വെല്ലൂരില്‍ നിന്നും പോയിരുന്നത് 10,000 ലിറ്റര്‍ പാലായിരുന്നു. വഴിയില്‍ മതില് ഉയര്‍ന്നതോടെ വെല്ലൂരിലെ ക്ഷീര കര്‍ഷകര്‍ ഇടവഴികള്‍ ഉപയോഗിക്കേണ്ട സ്ഥിതിയിലായിരിക്കുകയാണ്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ളവര്‍ കടന്നുവരാതിരിക്കാന്‍ തമിഴ്നാടിനെ പോലെ മറുവശത്തെ അയല്‍ക്കാരായ ഒഡീഷയും പണി കൊടുത്തിരിക്കുകയാണ്. ഒഡീഷയുമായി അതിര്‍ത്തി പങ്കിടുന്ന ആന്ധ്രയുടെ അതിര്‍ത്തി ജില്ലയായ ശ്രീകക്കുളത്തേക്കുള്ള എല്ലാ വഴികളിലും കിടങ്ങ് കുഴിച്ചിട്ടിരിക്കുകയാണ്. ശ്രീകക്കുളത്ത് അടുത്തിടെ കോവിഡ് 19 സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് ഈ മുന്‍കരുതല്‍. ഒഡീഷയില്‍ നിന്നുള്ള ഗോത്രസമുദായത്തില്‍ പെട്ടവര്‍ കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയെ മുളകട്ടിലില് കിടത്തി കുഴി ചാടിക്കടക്കുന്ന ആല്ത്തി ഗ്രാമത്തിലെ സവരാ വാനിശ്രീയില് നിന്നുള്ള ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തു വന്നതോടെയാണ് വിവരവും വെളിയില്‍ വന്നത്.
ജനങ്ങളുടെ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള നടപടിയാണ് ഇത്. കഴിഞ്ഞയാഴ്ച നോയ്ഡയും ഗസിയാബാദും ഡല്‍ഹിയുമായി പങ്കിടുന്ന അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ സ്റ്റാഫിന് ട്രാവല്‍ പാസ് അനുവദിക്കേണ്ടതില്ലെന്ന് നോയ്ഡ ഞായറാഴ്ച തീരുമാനിച്ചത് വിവാദമായിരുന്നു. ഡല്‍ഹിയുമായുള്ള അതിര്‍ത്തി അടയ്ക്കാനുള്ള കര്‍ശന നിര്‍ദേശം ഹരിയാനയില്‍ ഫരീദാബാദ് തിങ്കളാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഇവിടെയുള്ളവരോട് 72 മണിക്കൂറിനകം തലസ്ഥാന നഗരത്തിലേക്ക് താമസം മാറിക്കൊള്ളാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയുമായി അകന്നു നില്ക്കാന് ഗോവ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന മഹാരാഷ്ട്രയും കര്‍ണാടകയുമായി പങ്കിടുന്ന അതിര്‍ത്തികള്‍ മെയ് 3 ന് ശേഷം അടയ്ക്കാന്‍ പ്രധാനമന്ത്രിയോട് അനുവാദം തേടിയിരിക്കുകയാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ഒരു ഭാഗത്ത് മതിലും മറുഭാഗത്ത് കിടങ്ങും ആയതോടെ ആന്ധ്ര തമിഴ്നാടിനെയും ഒഡീഷയേയും വിളിച്ച് അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഹൈവേകള്‍ പോലെയുള്ള പാതകള്‍ തടയുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന് അറിയിച്ചിരിക്കുകയാണ്.
നേരത്തേ ദേശീയപാതയില്‍ തങ്ങളുടെ അതിര്‍ത്തിയില്‍ കര്‍ണാടക രണ്ടിടത്ത് മണ്ണിട്ട് കേരളത്തിലേക്കുള്ള ഗതാഗതം അടച്ചിരുന്നു. ഇതിനെതിരേ കേരളം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. കോടതി ഇടപെടലുകളെ തുടര്‍ന്ന് ഒരാള്‍പൊക്കത്തില്‍ ദേശീയപാതയില്‍ ഇട്ട മണ്ണ് കര്‍ണാടകയ്ക്ക് പിന്നീട് എടുത്തുമാറ്റേണ്ടി വരികയും ചെയ്തു.






