
1983-ലെ ലോകകപ്പ് വിജയവും അത് നേടിത്തന്ന ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് '83. കബിർ ഖാൻ സംവിധാനം ചെയ്ത സിനിമയിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങാണ് കപിൽ ദേവിന്റെ കഥാപാത്രം ചെയ്തിരിക്കുന്നത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ലോക്ക്ഡൗൺ കാരണം മിക്ക സിനിമകളുടെയും തിയേറ്റർ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അക്ഷയ് കുമാർ നായകനാവുന്ന ലക്ഷ്മി ബോംബ് ഓൺലൈൻ റിലീസിനൊരുങ്ങുന്നുവെന്ന് വാർത്തകൾ വന്നത്.
ഇതിനു പിന്നാലെയാണ് '83ം ഓൺലൈനിൽ റിലീസ് ചെയ്യുമോ എന്ന ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. ഏപ്രിൽ 10-നാണ് '83-ന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടർന്ന് മാറ്റുകയായിരുന്നു.
എന്നാൽ '83 ഓൺലൈൻ വഴി റിലീസ് ചെയ്യില്ലെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. 'ഈ സിനിമ ബിഗ് സ്ക്രീനിനായി നിർമിച്ചതാണ്. അതിനാൽ ഈ സാഹചര്യം കടന്നുപോകുന്നതുവരെ കാത്തിരിക്കാൻ തയ്യാറാണ്. എല്ലാം സാധാരണ നിലയിലേക്ക് മടങ്ങി വരട്ടെ.' എന്നാണ് സംവിധായകൻ റിലീസിനെക്കുറിച്ച് പറഞ്ഞത്.
ഇപ്പോൾ ഒ.ടി.ടി റിലീസിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇത് തിയറ്ററിൽ തന്നെയാകും ആദ്യം റിലീസ് ചെയ്യുകയെന്നും നിർമാണ കമ്പനിയായ റിലയൻസ് എന്റർടെയ്ൻമെന്റ്സിന്റെ സി.ഇ.ഒ. ശിബാശിഷ് സർക്കാരും അറിയിച്ചു.






