
പ്രഭാസ് നായകനായ 'ബാഹുബലി 2' മൂന്ന് വർഷം പിന്നീടുമ്പോൾ സമൂഹ മാധ്യമങ്ങളിലാകെ ആരാധകരുടെ പോസ്റ്റുകൾ കൊണ്ട് നിറയുകയാണ്. ഈ സമയത്ത് സിനിമയുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളാണ് ആരാധകരുടെ ഇടയിലാകെ.
ശരിക്കും പ്രഭാസിനെ തന്നെയാണോ ബാഹുബലി വേഷത്തിനായി രാജമൗലി പരിഗണിച്ചത്, ഭല്ലാലദേവനായി റാണയെ അല്ലാതെ മറ്റാരെ നമ്മൾക്ക് ചിന്തിക്കാൻ കഴിയും. എന്നാൽ ആരാധകരുടെ ചിന്തകളെ ശരിവെയ്ക്കുന്നതാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
ബാഹുബലിയായി രാജമൗലി പരിഗണിച്ചത് ബോളിവുഡ് നടൻ ഹൃതിക് റോഷനെയും ബൽവാൽദേവനായി ആദ്യം തീരുമാനിച്ചത് നടൻ ജോൺ എബ്രഹാമിനെയുമാണ്. സിനിമ ആദ്യം ഹിന്ദിയിൽ നിർമിച്ചതിന് ശേഷം മറ്റു ഭാഷകളിലേക്ക് ഡബ് ചെയ്യാമെന്നായിരുന്നു രാജമൗലി ഉദ്ദേശിച്ചത്. എന്നാൽ ഇവരുടെ രണ്ടുപേരുടെയും ഡേറ്റുകൾ ശരിയാകാത്തതിനാലാണ് ഇത് നടക്കാതിരുന്നതെന്നാണ് അറിയുന്നത്.
ഇതേരീതിയിൽ കട്ടപ്പയുടെ വേഷത്തിനായി നടൻ മോഹൻലാലിനെ രാജമൗലി സമീപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വേഷം നടൻ സത്യരാജിന്റെ കയ്യിൽ ഭദ്രമായിരുന്നു. കട്ടപ്പയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ഇപ്പോൾ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ശിവഗാമി ദേവിയുടെ വേഷത്തിലേക്ക് നടി ശ്രീദേവിയെയും മറ്റൊരു വേഷത്തിലേക്ക് ബോളിവുഡ് നടി സോനത്തിനെയും പരിഗണിച്ചിരുന്നവെന്നും റിപ്പോർട്ടുകൾ പറയുന്നു. സോനം കപൂറിനെ ഏത് വേഷത്തിന് വേണ്ടിയാണ് സമീപിച്ചതെന്നത് വ്യക്തമല്ല. അനുഷ്ക ഷെട്ടി ചെയ്ത ദേവസേനയുടെ കഥാപാത്രമാണോ അതോ തമന്ന ഭാട്ടിയ ചെയ്ത അവന്തികയുടെ കഥാപാത്രമാണോ എന്നതിൽ അവ്യക്തത തുടരുന്നു.






