
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായിരുന്നു നടിയും അവതാരകയുമായ ആര്യയും ടിക്ടോക് താരം ഫുക്രുവും. വീറും വാശിയും നിറഞ്ഞ ഗെയിമുകൾക്കും മത്സരത്തിനും അപ്പുറം നല്ലൊരു സൗഹൃദവും ആത്മബന്ധവും ഉണ്ടാക്കിയെടുത്താണ് ഇരുവരും ബിഗ്ബോസ് വിട്ടിറങ്ങിയത്. ‘മറ്റൊരമ്മയിലുള്ള സഹോദരൻ,’ എന്നാണ് ഫുക്രുവിനെ കുറിച്ച് ആര്യ പറയുന്നത്. ഇന്ന്, ഫുക്രുവിന്റെ പിറന്നാൾ ദിനത്തിൽ ആര്യ പങ്കുവച്ച ചിത്രങ്ങളും വിഡിയോകളുമൊക്കെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ബിഗ് ബോസ് വീട് വിട്ടിറങ്ങുമ്പോൾ എനിക്ക് വളരെ ഉറപ്പുള്ളൊരു കാര്യമിതായിരുന്നു. ഓർമ്മകൾ മാത്രമല്ല, ജീവിതത്തിലുടനീളം എനിക്ക് വിലമതിക്കാനാവാത്ത ചില ബന്ധങ്ങളുണ്ട്. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗം സ്വന്തമാക്കിയ ബോയ് ആണിത്. മറ്റൊരു അമ്മയിലുള്ള എന്റെ പ്രിയപ്പെട്ട കുഞ്ഞു സഹോദരൻ. ജന്മദിനാശംസകൾ കുട്ടപ്പാ,ആര്യ കുറിക്കുന്നു.
ബിഗ് ബോസ് ഷോയിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ച വച്ച മത്സരാർത്ഥികളായിരുന്നു ആര്യയും ഫുക്രുവും. അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്ന മത്സരാർത്ഥികൾ കൂടിയായിരുന്നു ഇരുവരും. കൊറോണയുടെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾ പൂർത്തിയായപ്പോൾ അപ്രതീക്ഷിതമായി ഷോ നിർത്തിവെയ്ക്കുകയായിരുന്നു.





