
കോട്ടയം: റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ വീണ്ടും കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. മുന്‍സിപ്പാലിറ്റികളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കുകയും, ലോറി അണുനശീകരണം നടത്തുകയും ചെയ്യണം. ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം. അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. ഇനി മുതല്‍ പാസ് ഇല്ലാതെ വാഹനങ.ങളില്‍ നിന്ന് കടയുടമകളും തൊഴിലാളികളും ചരക്ക് ഇറക്കാന്‍ പാടില്ല.
മൊത്തവിതരണ കച്ചവടക്കാര്‍ കടയില്‍ ലോഡ് ഇറക്കിയ വാഹനങ.ങളുടെയും ലോഡ് ഇറക്കിയ തൊഴിലാളികളുടെയും പേരുവിവരവും ഫോണ്‍ നമ്പറുകളും എഴുതി സൂക്ഷിക്കണം.സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും പേരും മേല്‍വിലാസവും ഉടമകള്‍ എഴുതി സൂക്ഷിക്കണം. കയറ്റിറക്ക് തൊഴിലാളികള്‍ യൂണിഫോം നിര്‍ബന്ധമായും ധരിക്കണം. മാര്‍ക്കറ്റുകളില്‍ ചില്ലറ വില്പന പരമാവധി ഒഴിവാക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. അതേസമയം മാര്‍ക്കറ്റിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാത്ത കച്ചവടവും വഴിയോര കച്ചവട വും പൂര്‍ണമായും നിരോധിച്ചു.






