
ആരാധകരുടെ സ്വന്തം തല അജിത്തിന്റെ 49-ാം ജന്മദിനമാണിന്ന്. ലോകമെങ്ങുമുള്ള ആരാധകരും സഹപ്രവർത്തകരും സ്വന്തം തലയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രം ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ അജിത്ത് വേഷമിട്ട മൾട്ടിസ്റ്റാർ ചിത്രമായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിനെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രാജീവ് മേനോൻറെ ചില വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനോഹർ എന്ന കഥാപാത്രത്തെയാണ് അജിത്ത് ചിത്രത്തിൽ അവതരിപ്പിച്ചത്.
മെയ് 5ന് ചിത്രം പുറത്തിറങ്ങി 20 വർഷം തികയുകയാണ്. പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോഴാണ് അജിത്തിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് രാജീവ് മേനോൻ. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജീവ് മേനോന്റെ വെളിപ്പെടുത്തൽ.
ചിത്രത്തിൽ മനോഹർ എന്ന കഥാപാത്രത്തിനായി ആദ്യം ഉദ്ദേശിച്ചത് നടൻ പ്രശാന്തിനെ ആയിരുന്നു. എന്നാൽ തബുവിന് പകരം ഐശ്വര്യയുടെ നായകനാവാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. പിന്നീടാണ് അജിത്തിന്റെ പേര് വന്നത്, അന്ന് അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പോയികണ്ടാണ് തിരക്കഥ വായിച്ചുകേൾപ്പിച്ചത്.അജിത്ത് ബെഡിൽ ഇരുന്ന് കഥ കേൾക്കുകയും സമ്മതം പറയുകയും ചെയ്തു. രാജീവ് മേനോൻ പറയുന്നു.
അജിത്തിനും തബുവിനും പുറമേ മമ്മൂട്ടി, ഐശ്വര്യ റായ് ,ശ്രീവിദ്യ, ശ്യാമിലി, അബ്ബാസ്, മണിവണ്ണൻ, രഘുവരൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, അനിതാ രത്നം എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. തബുവിന് നടി രേവതിയും ഐശ്വര്യ റായിക്ക് ജ യ ഗീതയും അബ്ബാസിന് നടൻ വിക്രമുമാണ് ശബ്ദം നൽകിയത്. എ.ആർ റഹ്മാൻ ഈണമിട്ട ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്.






