
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും കേന്ദ്രത്തിന്റെ അനുമതി. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ജനജീവിതം പരമാവധി സാധാരണഗതിയിലാക്കുക, നിയന്ത്രണങ്ങള്‍ കഴിവതും ജില്ലകളിലെ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഒതുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഗ്രാമങ്ങളില്‍ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും അനുവദിക്കും. മാളുകള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ടാകും. എന്നാല്‍, വ്യവസായങ്ങളും നിര്‍മാണമേഖലയും പ്രവര്‍ത്തിക്കും. റെഡ് സോണുകളിലും ഇളവുകളും പ്രവര്‍ത്തനങ്ങളും അനുവദിക്കാനാണ് തീരുമാനം. ഏതു മേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഒറ്റയ്ക്കുള്ള കടകളും റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെ കടകളും അവശ്യവസ്തുക്കള്‍ വില്ക്കുന്നതല്ലെങ്കിലും തുറക്കാം.
ഗ്രാമങ്ങളില്‍ വ്യവസായസംരംഭങ്ങള്‍ തുറക്കാം. എന്നാല്‍, നഗരങ്ങളില്‍ വര്‍ക്ക് സൈറ്റില്‍ ജോലിക്കാര്‍ക്ക് താമസസൗകര്യമുണ്ടെങ്കില് നിര്‍മാണങ്ങള്‍ നടത്താം. നഗരങ്ങളില്‍ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളില്‍ മാള്‍, മാര്‍ക്കറ്റ് കോംപ്ലക്സ്, ചന്ത എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍, ചന്തയിലും മാര്‍ക്കറ്റ് കോംപ്ലക്സിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. റെഡ്സോണുകളില്‍ ഇ-കൊമേഴ്സ് വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാം.
നഗരങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖല, ഉല്പാദനോന്മുഖ യൂണിറ്റ്, ഇന്‍ഡ്ട്രിയല്‍ എസ്റ്റേറ്റ്, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ് തുടങ്ങിയവ അനുവദിക്കും. അവശ്യവസ്തുക്കള്‍, മരുന്ന്, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, അവയ്ക്കുള്ള പാക്കേജിങ് വസ്തുക്കള്‍, അസംസ്കൃത വസ്തുക്കള്‍ തുടങ്ങിയ നിര്‍മിക്കുന്ന യൂണിറ്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാം. തുടര്‍പ്രക്രിയ ആവശ്യമുള്ള വ്യവസായ യൂണിറ്റുകളും വിതരണശൃംഖലയും, ഐടി ഹാര്ഡ്വെയര് ഉല്പാദനം, ചണ നിര്‍മ്മാണം തുടങ്ങിയവയ്ക്കും അനുമതി.






