
ഞാൻ രാജ്യത്തിനുവേണ്ടി മെഡൽ നേടിയപ്പോഴൊക്കെ നിങ്ങൾ കയ്യടിച്ചു. ഇന്ത്യയുടെ അഭിമാനമെന്നു പറഞ്ഞു വാഴ്ത്തി. ആ നിങ്ങൾ തന്നെയാണ് ഇപ്പോൾ എന്നെ ചൈനക്കാരിയെന്നു വിളിച്ച് അധിക്ഷേപിക്കുന്നത്’– മുൻ ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണിത്.
എന്റെ അമ്മ യെലൻ ചൈനക്കാരിയാണ്. ഇതിന്റെ ചുവടുപിടിച്ച് ചൈനക്കാരിയെന്നും ചിങ്കിയെന്നുമുള്ള അധിക്ഷേപങ്ങൾ പല തവണ നേരിട്ട് വ്യക്തിയാണ് ഞാന്‍. സമൂഹമാധ്യമങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ അതു ഇഷ്ടപ്പെടാത്തവർ വംശീയമായി അധിക്ഷേപിച്ചാണു മറുപടി നൽകുന്നത്. ‘ഹാഫ് കൊറോണ’ എന്നു പറഞ്ഞുള്ള കളിയാക്കലുകളാണു പുതിയത്. പാതി ചൈനക്കാരിയായ എനിക്കു കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നു വരെ അവർ പറയുന്നു.
20 വർഷത്തോളം ഞാൻ ഇന്ത്യയ്ക്കായി ബാഡ്മിന്റൻ കളിച്ചു. കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടി. എന്റെ പൗരത്വത്തെ ചോദ്യം ചെയ്യാൻ അവർക്ക് എന്താണ് അവകാശം? - ജ്വാല ചോദിക്കുന്നു. അതേസമയം വരാനിരിക്കുന്ന ഒളിംപിക്സില്‍ സിന്ധു ആയിരിക്കും സ്വര്‍ണ്ണം നേടുക എന്നും ജ്വാല പറഞ്ഞു. സൈന ഫോമില്‍ അല്ലാത്തതാണ് പ്രശ്നമെന്നും ജ്വാല പറഞ്ഞു.
അതേസമയം താന്‍ പ്രണയത്തിലാണെന്നും ജ്വാല പറഞ്ഞു. തെന്നിന്ത്യന്‍ സിനിമാ നടന് വിഷ്ണു വിശാലുമായിട്ടാണ് പ്രണയത്തില്‍ എന്നാണ് താരം പറയുന്നത്. ഏറെ നാളായി ഞങ്ങള്‍ പ്രണയത്തിലാണെന്നും, വിവാഹം ചെയ്യാന്‍ തീരുമാനിച്ചെന്നും എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ല എന്നും താരം പറഞ്ഞു. ഈ ലോക്ക് ഡൗണില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് വിഷ്ണുവിനെ ആണെന്നും താരം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തലാണ് താരം ഇക്കാര്യം പറഞ്ഞത്.






