
അനന്ത്നാഗ്: ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്കാഞ്ഞതിനെ തുടര്‍ന്ന് സ്ട്രെച്ചറില്‍ റോഡിലൂടെ തള്ളി വീട്ടിലേക്കു കൊണ്ടുപോയി ബന്ധുക്കള്‍. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഇന്നലെയാണ് സംഭവം. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഗുരുതരവീഴ്ച ഉണ്ടായതിന്റെ പേരില്‍ ഒരു ഡോക്ടറെയും നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച യുവതിയുടെ മൃതദേഹം സ്ട്രെച്ചറില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ട്.
എന്നാല്‍, കോവിഡ് 19 പരിശോധനയ്ക്കായി സാംപിള്‍ എടുത്താല്‍ ശവസംസ്കാരത്തിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഭയന്ന് ഔപചാരികതകള്‍ പൂര്‍ത്തിയാക്കാതെ കുടുംബാംഗങ്ങള്‍ മൃതദേഹം കൊണ്ടുപോയതാണെന്ന് അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ബഷീര്‍ അഹ്മദ് ദാര്‍ പറഞ്ഞു. ഇന്നലെ രാവിലെ യുവതിയെ ഉപജില്ലാ ആശുപത്രിയില്‍ നിന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് കെയര്‍ ഹോസ്പിറ്റലിലേക്ക് (എംസിസിഎച്ച്) മാറ്റിയത്. രണ്ടു ആശുപത്രികളിലും ചികിത്സ വൈകിയതായി യുവതിയുടെ കുടുംബം ആരോപിച്ചു. യുവതി രണ്ടാമത്തെ ആശുപത്രിയില്‍ വച്ച് മരിച്ചതായി അധികൃതര്‍ പറയുന്നു.






