
ആലപ്പുഴ: അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാന്‍ ഡിസിസി വാഗ്ദാനം ചെയ്ത 10 ലക്ഷം ആലപ്പുഴ ജില്ലാ കളക്ടര്‍ നിരസിച്ചു. ആലപ്പുഴയില്‍ നിന്നും ബീഹാറിലേക്ക് തൊഴിലാളികളെ അയയ്ക്കാനുള്ള യാത്രാക്കൂലി നല്‍കാനുള്ള നീക്കം സര്‍ക്കാരിന്റെ അനുമതിയില്ലാതെ വാങ്ങാനാകില്ലെന്ന് ജില്ലാ കളക്ടര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെ അവരുടെ യാത്രാക്കൂലി നല്‍കേണ്ടി വരും.
അതിഥി തൊഴിലാളികളോട് ഒരു രൂപ പോലും വാങ്ങാതെ യാത്രചെലവ് പൂര്‍ണ്ണമായും വഹിക്കാമെന്നാണ് ആലപ്പുഴ ഡിസിസി വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേതായ ഒരു അറിയിപ്പും ഇക്കാര്യത്തില്‍ വന്നിട്ടില്ല അതുകൊണ്ടു പണം കൈപ്പറ്റാന്‍ കഴിയില്ല എന്നായിരുന്നു ജില്ലാ കളക്ടര്‍ എം. അഞ്ജന നല്കിയ മറുപടി. ആലപ്പുഴയില്‍ നിന്നും 1140 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കെഎസ്ആര്‍ടിസി ബസുകളില്‍ പ്രത്യേക ക്യാമ്പുകളിലേക്ക് എത്തിച്ച് അവിടെ നിന്നുമാണ് നാട്ടിലേക്ക് അയയ്ക്കുന്നത്. യാത്രയ്ക്ക് ഒരാള്‍ക്ക് 930 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജായി നല്‍കേണ്ടത്. പണിയും വേലയും കൂലിയും ഇല്ലാത്ത അവസ്ഥയില്‍ ടിക്കറ്റ് ചാര്‍ജ്ജും അനുബന്ധ യാത്രാ ചെലവുകളും തങ്ങള്‍ക്ക് ഭാരമാണെന്നാണ് അതിഥി തൊഴിലാളികള്‍ പറയുന്നത്. ഇവരില്‍ പലരുടേയും കയ്യില്‍ ഇവരുടെ കരാറുകാര്‍ നല്കിയ ചെറിയ തുകകള്‍ മാത്രമാണ് ഉള്ളത്.
നേരത്തേ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് ദേശീയ അദ്ധ്യക്ഷ സോണിയാഗാന്ധി പറയുകയും സംസ്ഥാന കമ്മറ്റികളെ അറിയിക്കുകയും അതുവഴി ജില്ലാകമ്മറ്റികളില്‍ വിവരം എത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആലപ്പുഴ ഡിസിസി 10 ലക്ഷം രുപ സമാഹരിച്ച് നല്‍കിയത്. എന്നാല്‍ ഇത് കളക്ടര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല.






