
ന്യൂഡല്‍ഹി: പ്രവാസികളെ ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ''മിഷന് വന്ദേ ഭാരത്'' ഇന്നുമുതല്‍. പ്രത്യേക വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുതുക്കിയ സാഹചര്യത്തില്‍ രണ്ടു വിമാനങ്ങളാകും ഇന്നു കേരളത്തിലെത്തുക. അബുദാബി-കൊച്ചി വിമാനം രാത്രി 9.40-നും ദുബായ്-കോഴിക്കോട് വിമാനം 9.50-നും എത്തുമെന്നാണു വിവരം. സൗദി-കരിപ്പുര്‍ വിമാനം നാളത്തേക്കും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്കും മാറ്റി.
വിമാനത്തിലെ ജീവനക്കാര്‍ക്കു പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കേണ്ടതിനാലാണു ഷെഡ്യൂളുകള്‍ മാറ്റുന്നതെന്നാണു വിവരം. കേരളത്തിലേക്ക് ഇന്ന് നാലു വിമാനങ്ങളാണു നേരത്തേ നിശ്ചയിച്ചിരുന്നത്. ഓരോ വിമാനത്തിലും 200 യാത്രക്കാരെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത് 160 ആക്കി കുറയ്ക്കുമെന്നു സൂചനയുണ്ട്. ശാരീരിക അകലമടക്കമുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിനാലാണ് ഇത്.
യാത്രയ്ക്കു മുമ്പ് കോവിഡ് പരിശോധന നടത്തുക പ്രായോഗികമല്ലെന്നും തെര്‍മല്‍ സ്ക്രീനിങ് മാത്രമേ ഉണ്ടാകൂ എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണമില്ലെന്ന് ഉറപ്പാക്കും. മാലദ്വീപില്‍നിന്നുള്ള 1000 പേരെ നാവികസേന ഞായറാഴ്ച കപ്പല്‍മാര്‍ഗം കൊച്ചിയില്‍ എത്തിക്കും.
ജലാശ്വ, മാഗര്‍ എന്നീ കപ്പലുകള്‍ നാളെത്തന്നെ മാലദ്വീപില്‍നിന്നു യാത്രക്കാരുമായി പുറപ്പെടും. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാകും കപ്പല്‍യാത്ര. െവെദ്യപരിശോധനയ്ക്കുള്ള സംവിധാനങ്ങളും കപ്പലിലുണ്ടാകും. യാത്രികരെ കൊച്ചിയില്‍ ക്വാറെന്റെന്‍ ചെയ്യും. തുടര്‍ന്നും സമാന ഓപ്പറേഷന് നടത്തുമെന്നും നാവികസേന അറിയിച്ചു. മുംെബെ കേന്ദ്രീകരിച്ചു പശ്ചിമ നാവിക ആസ്ഥാനത്തിനാണ് കപ്പല്‍മാര്‍ഗം പ്രവാസികളെ എത്തിക്കാനുള്ള പൂര്‍ണചുമതല പ്രതിരോധ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇവിടേക്കു വരുന്ന ഗര്‍ഭിണികളെയും ചെറിയ കുട്ടികളെയും പ്രത്യേക കേന്ദ്രങ്ങളിലെ ക്വാറെന്റെനില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് വീടുകളിലേക്കു പോകാം. അവിടെ നിരീക്ഷണത്തില്‍ കഴിയണം. ചെറിയ കുട്ടികളെയും നിര്‍ബന്ധിത ക്വാറെന്റെനില്നിന്ന് ഒഴിവാക്കി വീട്ടിലേക്കയയ്ക്കും. അവരെയും വീടുകളില്‍ നിരീക്ഷിക്കണം.






