
ചിറ്റൂര്‍(പാലക്കാട്): സ്പിരിറ്റുമായി കടന്നെന്നു കരുതിയ വണ്ടി എക്െസെസ് കണ്ടെടുത്തപ്പോള്‍ തൊണ്ടി തവിടായി. പാലിയേക്കര ടോള്‍ഗേറ്റ് ഇടിച്ചു തകര്‍ത്തശേഷം എക്െസെസ് സംഘത്തെ വെട്ടിച്ചു കടന്നുകളഞ്ഞ പിക്കപ്പ് വാന്‍ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്നിന്നാണ് കണ്ടെത്തിയത്. 15 ചാക്ക് തവിടാണ് വണ്ടിയില്‍നിന്നു കിട്ടിയതെന്നും തൊണ്ടിയില്ലാത്തതിനാല്‍ നിലവില്‍ വാഹനത്തിലുള്ളവര്ക്കെതിരേ എക്െസെസിന് കേസെടുക്കാനാവില്ലെന്നും ചിറ്റൂര്‍ സര്‍ക്കിള്‍ എക്െസെസ് ഇന്‍സ്പെക്ടര്‍ വി. രാകേഷ് പറഞ്ഞു.
വാഹനം കസ്റ്റഡിയിലെടുത്തപിന്നാലെ വാഹനത്തിലുണ്ടായിരുന്ന ആട്ടയാംപതി സ്വദേശികളായ അരുള്‍ ജ്യോതി (28), വിനയന്‍ദാസ് (31) എന്നിവര്‍ നേരിട്ട് കീഴടങ്ങി. പാതയോരത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അങ്കമാലി റേഞ്ച് പരിധിയില്‍നിന്ന് എക്െസെസ് അധികൃതരെ വെട്ടിച്ച് വാന്‍ രക്ഷപ്പെട്ടത്. മംഗലം ഡാമിലെ ഊടുവഴികളിലൂടെ ചിറ്റൂര്‍ ഭാഗത്തേക്ക് കടന്ന വാന്‍, ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് ചിറ്റൂര്‍ സര്‍ക്കിള്‍ എക്െസെസ് സംഘം കണ്ടെത്തിയത്. വാഹന നമ്പറടക്കം പരിശോധിച്ചതില്‍നിന്ന് ഉദ്യോഗസ്ഥരെ വെട്ടിച്ച് വന്ന വാഹനമാണെന്ന് തിരിച്ചറിഞ്ഞു.






