
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിലനില്‍ക്കെയാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ തലത്തില്‍ ജില്ലാ ആസ്ഥാനത്തെ ഒരൊറ്റ കേന്ദ്രത്തിലാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ ലോക്ഡൗണിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ എങ്ങനെ എത്തുമെന്നതിലടക്കം ആശങ്കയേറുകയാണ്.
മെയ് 13 മുതല്‍ മൂല്യനിര്‍ണയം തുടങ്ങുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ പൊതുഗതാഗതം പുന:രാരംഭിച്ചിട്ടില്ലാത്തതിനാല് ഭൂരിഭാഗം വരുന്ന വനിത അധ്യാപകര്‍ക്കാണ് ആശങ്ക. മൂല്യനിര്‍ണയത്തിനായി യാത്ര സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്യാമ്പുകള്‍ ക്രമീകരിക്കണമെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.






