
തിരുവനന്തപുരം: ലോക്ഡൗണ്‍ തീരുംവരെ വിദേശമദ്യശാലകളും ബാറുകളും അടഞ്ഞുതന്നെ. തുറക്കുമ്പോള്‍ മദ്യവില കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. വരുമാനവര്‍ധന ലക്ഷ്യമിട്ട് 10 മുതല്‍ 15% വരെ നികുതി വര്‍ധിപ്പിക്കാനാണ് ആലോചന. ധനവകുപ്പാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍വച്ചത്. ലോക്ഡൗണ്‍ കഴിയുമ്പോള്‍ ചേരുന്ന എല്‍.ഡി.എഫ്. യോഗം അന്തിമതീരുമാനം െകെക്കൊള്ളും.
13-ന് കള്ളുഷാപ്പുകള്‍ തുറക്കുമെങ്കിലും മറ്റ് മദ്യവില്‍പ്പനശാലകള്‍ ലോക്ക്ഡൗണിനുശേഷം തുറന്നാല്‍ മതിയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനു സെക്രട്ടേറിയറ്റ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്, എക്െസെസ് കമ്മിഷണര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയിലും ഇതേ നിലപാടാണ് മുന്നോട്ടുവച്ചത്.
നിലവില്‍ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, മദ്യശാലകള്‍ തുറന്ന പല സംസ്ഥാനങ്ങളും വില കൂട്ടിയത് സര്‍ക്കാരിന് അനുകൂലഘടകമാണ്. ദില്ലി 70% ആണ് നികുതി കൂട്ടിയത്. കര്‍ണാടകം 17%, തമിഴ്നാട് 12% നികുതി കൂട്ടി. ഉത്തര്‍പ്രദേശും നികുതി വര്‍ധിപ്പിച്ചിരുന്നു.
കേരളത്തില്‍ 2018-ല്‍ പ്രളയത്തിനു പിന്നാലെ എക്െസെസ് ഡ്യൂട്ടി മൂന്നരശതമാനം വരെ 100 ദിവസത്തേക്കു കൂട്ടിയിരുന്നു. കഴിഞ്ഞ ബജറ്റില്‍ മദ്യത്തിനു നികുതി വര്‍ധന ഉണ്ടായിരുന്നില്ല. മുന്‍ ബജറ്റില്‍ രണ്ടു ശതമാനമായിരുന്നു വര്‍ധന. 1200 കോടിയാണ് മദ്യത്തില്‍നിന്നുള്ള പ്രതിമാസ വിറ്റുവരവ്. നിലവില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ നികുതി കൂടുതലായതിനാല്‍ പത്തു ശതമാനത്തിനു മുകളില്‍ കൂട്ടരുതെന്നാണ് സി.പി.ഐ. അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്നാണു സൂചന.
സംസ്ഥാനത്തു മദ്യത്തിന് ഓണ്‍െലെന്‍ ബുക്കിങ് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു സര്‍ക്കാരിനു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ റിപ്പോര്‍ട്ട്. മദ്യശാലകള്‍ തുറന്നാല്‍ ആദ്യ ദിവസങ്ങളിലുണ്ടാകുന്ന വലിയ തിരക്കിനു പരിഹാരമായാണ് ഓണ്‍െലെന്‍ ബുക്കിങ് നിര്‍ദേശം. ഓരോ മണിക്കൂറിലും ഓണ്‍െലെന്‍ ബുക്കിങ് നടത്തണമെന്നും അതിനായി സോഫ്റ്റ്വേര്‍ തയാറാക്കണമെന്നും ഡി.ജി.പി. നിര്‍ദ്ദേശിച്ചതായാണ് സൂചന. തുടര്‍ നടപടികള്‍ക്കായി ബെവ്കോ എം.ഡിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.






