
നര്സിംഗ്പൂര്(മധ്യപ്രദേശ്): മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് 5 അതിഥിതൊഴിലാളികള്‍ കൊല്ലപ്പെട്ടു. 15പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശിലെ ഝാന്‍സിയിലേക്ക് വരികയായിരുന്ന 20 തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ ദിവസമാണ് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 16 പേരുടെ മേല്‍ ചരക്കുവണ്ടി കയറിയിറങ്ങിയതിനെ തുടര്‍ന്ന് വന്‍ദുരന്തം ഉണ്ടായത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ട്രെയിനുകളില്‍ ഓടില്ലെന്ന ധാരണയില്‍ യാത്ര ചെയ്തു തളര്‍ന്ന അതിഥിത്തൊഴിലാളികള്‍ ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ആ സമയത്താണ് ചരക്കുതീവണ്ടി വന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒട്ടേറെ പേരാണ് തങ്ങളുടെ നാടുകളിലേക്ക് നടന്നും യാത്ര ചെയ്യുന്നത്്. കഠിനമായ ചൂടുമൂലം കുഴഞ്ഞുവീണും ആളുകള്‍ മരിക്കുകയാണ്.






