
ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരങ്ങള്‍. തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിൽ തങ്ങളുടെ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മാതൃദിന ആശംസകള്‍ താരങ്ങള്‍ നേര്‍ന്നിരിക്കുന്നത്. മോഹൻലാൽ, ജോജു, വിനയ് ഫോര്‍ട്ട്, ആശ ശരത്ത്, ഹണി റോസ്, ഷംന കാസിം, മാളവിക മേനോൻ, അപര്‍ണ ദാസ്, റിമ കല്ലിങ്കൽ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഹാപ്പി മദേഴ്സ് ഡേ കുറിച്ചിരിക്കുന്നത്.
താൻ തന്നെ അഭിനയിച്ച 'ബാബാ കല്യാണി' എന്ന സിനിമയിലെ ‘കൈനിറയെ വെണ്ണതരാം’ എന്ന ഗാനത്തിന്റെ വരികള്‍ അടിക്കുറിപ്പായി എഴുതിക്കൊണ്ടാണ് നടൻ മോഹൻലാൽ തന്റെ അമ്മയ്ക്ക് മാതൃദിനാശംസകൾ നേർന്നിരിക്കുന്നത്.
ആടു ജീവിതം സിനിമയുടെ ഷൂട്ടിനായി ജോർദ്ദാനിലാണ് നടൻ പൃഥ്വിരാജ്. എന്നിരുന്നാലും അമ്മയും നടിയുമായ മല്ലിക സുകുമാരനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് ഹാപ്പി മദേഴ്സ് ഡേ എന്ന് കുറിച്ചിരിക്കുകയാണദ്ദേഹം.
അമ്മ എന്നെ സംബധിച്ചിടത്തോളം ജന്മം നൽകിയ സ്ത്രീ എന്നതിലുപരി ജന്മാന്തര പുണ്യങ്ങളിലൂടെ എനിക്ക് കിട്ടിയ വരദാനമാണ്. ഏതൊക്കെയോ ജന്മ ജന്മാന്തരങ്ങളിൽ ആ സർവശക്തൻ ഞാൻ പോലുമറിയാതെ ഒരു പക്ഷെ എന്നിൽ ചൊരിഞ്ഞ അനുഗ്രഹാശിസ്സുകളുടെ ആകെത്തുക...എന്റെശരീരവും മനസ്സും അമ്മ എന്ന ആ മഹാത്ഭുതത്തിന്റെ ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടേ ഇരിക്കുന്നു. ശ്വാസനിശ്വാസങ്ങളിൽ പോലും നിറ സാന്നിധ്യമാകുന്ന ശക്തി പ്രഭാവമാണമ്മ. എന്റെ ഊർജവും എന്റെ ചലനതാളവും അമ്മയാണ്, അമ്മ മാത്രമാണ്... ആ സ്നേഹപ്രവാഹത്തിന് മുന്നിൽ ആ ശക്തിസ്രോതസ്സിനു മുന്നിൽ ഒരു നിമിഷം ഞാനൊന്ന് തല കുനിച്ചു വണങ്ങട്ടെ, ഒരു നിമിഷം ആ പാദങ്ങളിൽ മുഖം ചേർത്ത് മയങ്ങട്ടെ. ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, എന്നാണ് ആശ ശരത് കുറിച്ചിരിക്കുന്നത്.
നടൻ ഇന്ദ്രൻസും അമ്മയോടൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മാതൃദിനാശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
റോസി, ജോയ്സി, അബ്ബ തന്റെ ജീവിതത്തിലെ അമ്മമാരെ കുറിച്ചെഴുതിയിരിക്കുകയാണ് നടൻ ജോജു ജോര്‍ജ്ജ്. തന്റെ അമ്മയുടേയും സഹോദരിയുടേയും ഭാര്യയുടേയും ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുകയാണ്.
വീട്ടിലെ നെടുംതൂണായി നിൽക്കുന്ന അമ്മ. അമ്മയുടെ സ്നേഹമില്ലാതെ പിന്തുണയില്ലാതെ മാർഗ്ഗ നിർദ്ദേശമില്ലാതെ ഒരു ജീവിതം സങ്കൽപ്പിക്കാനാവില്ല. ലവ് യൂ മാം, ഹാപ്പി മദേഴ്സ് ഡേ, നടി ഹണി റോസ് കുറിച്ചിരിക്കുകയാണ്.
വീട്ടിലെ അമ്മമാരെയാണ് ചിത്രങ്ങൾ പങ്കുവെച്ച് നടൻ വിനയ് ഫോർട്ട് കാണിച്ചിരിക്കുന്നത്. തന്റെ അമ്മയ്ക്ക് പിറകെ നടക്കുന്ന മകൻ വിഹാനേയും ഭാര്യയോടൊപ്പമിരിക്കുന്ന മകനേയുമാണ് താരം ചിത്രങ്ങളിലൂടെ കാണിച്ചിരിക്കുന്നത്. ഒപ്പം ഹാപ്പി മദേഴ്സ് ഡേ ആശംസകളും നേര്‍ന്നിരിക്കുകയാണ്.
അമ്മ, എന്നും അമ്മയുടെ ദിവസങ്ങൾ, ഹാപ്പി മദേഴ്സ് ഡേ എന്ന് കുറിച്ചുകൊണ്ട് അമ്മയോടൊപ്പം നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ മണികണ്ഠൻ ആചാരി.
പ്രപഞ്ചത്തിലെ ഏറ്റവും ശക്തിമത്തായതും ദയയുള്ളതുമായ വാക്ക്, അമ്മ, ലോകത്തിലെ എല്ലാ അമ്മമാർക്കും വീട്ടിലെ പുതിയ അമ്മയ്ക്കും മദേഴ്സ് ഡേ നേരുന്നു എന്ന് കുറിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
അമ്മേ...അമ്മോ.........അമ്മെ...അമ്മയെ വിളിക്കുന്ന പല പല വിളികളാണ് നടി അനുശ്രീ കുറിച്ചിരിക്കുന്നത്. താൻ ജീവിച്ചിരിക്കുന്നതിന് പിന്നിൽ അമ്മയാണെന്നും താരം കുറിച്ചിരിക്കുകയാണ്.






