
കെ.കരുണാകരന്റെ ജീവിതത്തിലെ പല പ്രധാനവഴിത്തിരിവുകളും കൃത്യമായി പ്രവചിച്ചയാളാണ് മിത്രന് നമ്പൂതിരിപ്പാട്. ഈ ബന്ധമാണ് അദ്ദേഹത്തെ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിച്ചത്. ഇന്ദിരയുടെ ജീവിതത്തിലെയും പല സപ്രധാന മാറ്റങ്ങളും അദ്ദേഹം കണക്ക് കൂട്ടി പറഞ്ഞു. അവരുടെ ജാതകവും എഴുതി. 1977 ല്‍ അവര്‍ അധികാരത്തില്‍ നിന്നും മാറേണ്ടി വരും എന്നതായിരുന്നു ആദ്യത്തെ പ്രവചനം. അക്കൊല്ലം മാര്‍ച്ച് മാസത്തില്‍ അവര്‍ക്ക് ശനിദശയിലെ ശുക്രാപഹാരം വരും. അതുകൊണ്ട് 20 മാസത്തേക്ക് അവരുടെ പേരും പെരുമയും ഉണ്ടാകില്ലെന്ന് മിത്രന് എഴുതിക്കൊടുത്തു.
1984 ഒക്ടോബര്‍ 26-ാം തീയതിക്കും നവംബര്‍ 19-ാം തീയതിക്കുമിടയില്‍ ഒരു അസാധാരണമായ അപകടം സംഭവിക്കുമെന്നും മിത്രന് പ്രവചിച്ചു.
26 -ാം തീയതി മുതലാണ് അവര്‍ക്ക് ആ യോഗം തുടങ്ങുന്നത്. ആ 26 ന് അവര്‍ ഒറീസ്സയില്‍ ഇങ്ങനെ പ്രസംഗിച്ചു.
'എന്റെ ഓരോ തുളളി ചോരയും രാജ്യത്തിന് വേണ്ടി നല്കാന് ഞാന്‍ ഒരുക്കമാണ്'
സമയദോഷമുളള കാലത്ത് അറംപറ്റാനിടയുള്ള ഒരു പ്രസ്താവന നടത്തിയതിലെ അപകടം മിത്രന് ചൂണ്ടികാണിച്ചു. കെ.കരുണാകരന് ഇത് ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തി.
അങ്ങനെ പരിഹാരകര്‍മ്മം ചെയ്യാനായി അവര്‍ മൂകാംബികയില്‍ എത്തി.
അതീവരഹസ്യമായി ഹോമം ചെയ്യാന്‍ തുടങ്ങി.
ഇന്ദിരാഗാന്ധി, കെ.കരുണാകരന്, മൂകാംബികയിലെ അന്നത്തെ മുഖ്യകാര്‍മ്മികന്‍, മിത്രന് നമ്പൂതിരിപ്പാട്, എന്നിവരെക്കൂടാതെ പ്രധാനമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് മാത്രമേ ഹോമസ്ഥലത്ത് പ്രവേശനം ഉണ്ടായിരുന്നുളളു.
ഹോമകുണ്ഡത്തില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്ക് പുക അധികമാകുന്നു എന്നു പറഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് അതിലേക്ക് വെളളം ഒഴിച്ചു. ഹോമം കെടുത്തിയാല്‍ പിന്നെ ഇന്ദ്രജിത്തിനെ പോലും തോല്‍പ്പിക്കാമെന്നാണ് പുരാണത്തില്‍ പറയുന്നത്. ഹോമം പൂര്‍ത്തിയാക്കിയാല്‍ പിന്നെ ഇന്ദ്രജിത്തിനെ ആര്‍ക്കും കൊല്ലാന്‍ സാധിക്കുകയുമില്ലെന്നും പറയുന്നു. മൂകാംബികയില്‍ നടന്ന സംഭവം ഒരു നിമിത്തമോ ലക്ഷണമോ ഒക്കെയായി മുഖ്യകാര്‍മ്മികന്‍ തോന്നി. അദ്ദേഹം പറഞ്ഞു.
''ഇനി യാതൊരു നിവൃത്തിയുമില്ല. ഞാനിട്ട ഹോമം ഇവിടെ വരെ എത്തിച്ചത് ഇന്ദിരാജിയുടെ നന്മയ്ക്കാണ്. പക്ഷെ അവരുടെ അംഗരക്ഷകന് തന്നെ വന്ന് ഹോമം കെടുത്തി. ദൈവത്തെ പ്രത്യക്ഷമാക്കി ഹിംസിച്ചു. അതുകൊണ്ട് അംഗരക്ഷകരുടെ കൈ കൊണ്ടാണ് ഇവര്‍ക്ക് അപമൃത്യൂ വരാന്‍ പോകുന്നത്. ''
അത് പ്രവചിച്ച പ്രധാനകര്‍മ്മി തന്നേക്കാള്‍ ജ്ഞാനിയായിരുന്നെന്ന് മിത്രന് സാക്ഷ്യപ്പെടുത്തുന്നു.
ആദ്യകാലത്തത് ഇന്ദിരാഗാന്ധി ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ മരണവും 77 ലെ അധികാരനഷ്ടവും കൃത്യമായി വന്നപ്പോള്അവരുടെ നിലപാടില്‍ മാറ്റം വന്നു. ആ ദിവസങ്ങള്‍ മിത്രന് ഇങ്ങനെ ഓര്‍മ്മിക്കുന്നു.
''സഞ്ജയ് ഗാന്ധിക്ക് 32 വയസ് വരെയേ ആയുസുളളു. കൂടാതെ അത്തം നക്ഷത്രത്തില്‍ അച്ഛന് കാലില്‍ അദ്ദേഹത്തിന് ഒരു ആണ്‍കുട്ടിയും പിറന്നു. ഇത് ഞാന്‍ അദ്ദേഹത്തോട് തന്നെ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.
ഏതായാലും അസ്വസ്ഥത നിറഞ്ഞ മനസോടെയാണ് ഇന്ദിരാഗാന്ധി മൂകാംബികയില്‍ നിന്നും മടങ്ങിയത്.
ആ സംഭവം നടന്ന് ഏതാനും മാസങ്ങള്‍ക്കുളളില്‍ കൃത്യമായി പറഞ്ഞാല്‍ 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി സ്വവസതിയില്‍ വച്ച് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു.
പ്രവചനങ്ങള്‍ സാധിക്കുന്നത് അമാനുഷിക ശക്തികൊണ്ടല്ലെന്നും അത്തരമൊരു സിദ്ധി സ്വയാര്‍ജ്ജിതമായ ശ്രമങ്ങളിലൂടെ സാധിച്ചെടുക്കുകയാണെന്നും മിത്രന് സാക്ഷ്യപ്പെടുത്തുന്നു.
ഒരു ഉദാഹരണം കൊണ്ടാണ് അദ്ദേഹം ഇത് സമര്‍ത്ഥിക്കുന്നത്.
ആ സവിശേഷ അനുഭവം മിത്രന് നമ്പൂതിരിപ്പാടിന്റെ തന്നെ വാക്കുകളില്‍ :
കൂട് വിട്ട് കൂട് മാറ്റം
''ജീവിതത്തില്‍ ഞാന്‍ എല്ലാ കഴിവുകളും ആര്‍ജ്ജിച്ചതും തൊണ്ണൂറുകളുടെ അന്ത്യപാദത്തിലും ആരോഗ്യം നിലനിര്‍ത്തുന്നതും യോഗയുടെ പിന്‍ബലം ഒന്നുകൊണ്ട് മാത്രമാണ്. ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികമായ ചില ശേഷികളും ആര്‍ജ്ജിക്കാന്‍ യോഗയിലെ ചില ആസനങ്ങള്‍ കൊണ്ട് സാധിക്കും. അരനൂറ്റാണ്ടിലധികമായി തുടരുന്ന നിരന്തര ശ്രമങ്ങളാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത്.
യോഗയിലെ ഏറ്റവും വിസ്മയകരമായ അനുഭവമാണ് കൂട്വിട്ട് കൂടുമാറ്റം.
ആത്മാവ് അഥവാ ജീവന് ശരീരത്തില്‍ നിന്നും വിടുവിച്ച് ഭൗതികശരീരം മൃതദേഹത്തിന് തുല്യമാക്കി കിടത്തും. 22 മിനിറ്റാണ് ഇതിന് വിനിയോഗിക്കാന്‍ കഴിയുന്ന സമയപരിധി. 24 മിനിറ്റെന്നാല്‍ ഒരു നാഴിക. അത് യോഗാസനത്തില് അനുവദനീയമല്ല. 22 മിനിറ്റിന് അപ്പുറം കടന്നാല്‍ എത്ര വലിയ യോഗിയായിരുന്നാലും മരണം സംഭവിക്കും.
അനുവദിക്കപ്പെട്ട സമയപരിധിക്കുളളില്‍ നാം നിശ്ചയിക്കുന്ന ഏത് സ്ഥലത്തും ചെന്നെത്താന്‍ സാധിക്കും.ശരീരത്തിന്റെയോ കണ്ണുകളുടെയോ സഹായമില്ലാതെ ഏത് കാഴ്ചയും കാണാനും സാധിക്കും. ദൂരപരിധിയില്ലെന്നതാണ് ഏറ്റവും വലിയ അതിശയം. ഹ്രസ്വമായ 22 മിനിറ്റിനുളളില്‍ ആത്മാവിന് ലോകത്തിന്റെ ഏത് കോണിലും ചെന്നെത്താന്‍ സാധിക്കും. ഏഴ് കടലും കടന്ന് അമേരിക്കയിലുളള സുഹൃത്ത് ഗൃഹത്തിലെ സുഖവിവരം അറിഞ്ഞു വരണോ? അതും സാധ്യം. അമേരിക്ക വരെ ചെന്നെത്താന്‍ ഒരു മിനിറ്റ് മതി.
നിങ്ങള്‍ കൃത്യ സമയം പറഞ്ഞശേഷം സ്വന്തം വീട്ടിലെ മുറിയില്‍ കതകടച്ചിരുന്ന്
സംസാരിക്കണം. ആ സമയത്ത് ഞാന്‍ അവിടെ വരും. നിങ്ങള്‍ സംസാരിക്കുന്ന മുഴുവന്‍ കാര്യങ്ങളും നിങ്ങളുടെ ചലനങ്ങള്‍ വരെ കൃത്യമായി എഴുതി അന്നത്തെ പോസ്റ്റില്‍ അയച്ചു തരാം.
ഈ വിദ്യ പഠിച്ച കാലത്ത് ഞാന്‍ ചില കുസൃതികള്‍ കാണിക്കുകയുണ്ടായി. ഒരു വ്യക്തിക്ക് ഇതില്‍ തീരെ വിശ്വാസമില്ല. നമ്മള് എന്തോ കളവ് പറയുകയാണെന്ന തോന്നല്‍. ഒരു ദിവസം ആ വ്യക്തി തനിച്ച് മുറിയില്‍ നില്ക്കുമ്പോള് ഞാന്‍ അകത്തുചെന്ന് നല്ല ബലത്തില്‍ വട്ടം കെട്ടിപ്പിടിച്ച് ഇറുക്കി. കക്ഷി അയ്യോ എന്ന് ഉറക്കെ നിലവിളിച്ചു.
പിറ്റേന്ന് ഞാന്‍ ഫോണ്‍ ചെയ്ത് ചോദിച്ചു. എന്തായിരുന്നു അയ്യോ എന്ന് നിലവിളിച്ചത്. കഥകളില്‍ പറയും പോലെ ഏതോ പ്രേതം വന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചതാവുമെന്നാണ് പാവം ആദ്യം ധരിച്ചത്. പിന്നീട് എപ്പോഴും എന്നെ കാണുമ്പോള്‍ പാതി തമാശയായും പാതി കാര്യമായും പറയും.
'തിരുമേനി....ഇനിയും പരീക്ഷണങ്ങളില്‍ പെടുത്തരുതേ...'
അസാധാരണവും അത്യപൂര്‍വവുമായ ഏകാഗ്രത സ്വായത്തമാക്കിയവര്‍ക്ക് മാത്രമേ കൂടുവിട്ട് കൂടുമാറ്റം സാധിക്കൂ. ഏകാഗ്രത ഉണ്ടാക്കാന്‍ നിത്യാഭ്യാസം വേണം. അങ്ങനെയുളള വ്യക്തിക്ക് ആസ്ട്രല്‍ കേബിള്‍ ഉണ്ടാക്കാം. ആ കേബിള്‍ ഈ പ്രപഞ്ചവുമായി ഘടിപ്പിക്കണം. നമ്മള് ഒരു സമാന്തര പ്രപഞ്ചമാണ്. അപ്പോള്‍ വ്യക്തി ഒരു സമഷ്ടിയായി നിന്ന് കേബിള്‍ ഉണ്ടാക്കിയിട്ട് നിര്‍ദ്ദേശം കൊടുക്കണം. പോവേണ്ട സ്ഥലവും അനുവദനീയമായ 22 മിനിറ്റിനുളളില്‍ തിരിച്ചുവരണം എന്നതും ആ നിര്‍ദ്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.
അനസ്തീഷ്യ കൊടുക്കുമ്പോള്‍ വലിയ ഒരു കിണറ്റിലേക്ക് പോവുന്നതായി തോന്നാറില്ലേ? അതുപോലെ ഊ....ഊ....എന്ന് ഒരു കിണറ്റിലേക്ക് പതിക്കുന്നതായി തോന്നും. കുറെ കഴിയുമ്പോള്‍ വേണ്ടായിരുന്നു എന്ന് നമുക്ക് തന്നെ തോന്നും. പക്ഷെ പറ്റില്ല. ലക്ഷ്യം നിര്‍ണ്ണയിച്ച് ആത്മാവിനെ അയച്ചു കഴിഞ്ഞാല്‍ പിന്നെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലേക്ക് എത്തിയ ശേഷമേ മടങ്ങു. എന്നാല്‍ മുകളില്‍ കൂടി സഞ്ചരിക്കുന്ന അവസരത്തില്‍ സ്വന്തം ശരീരം നിശ്ചലമായി കിടക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.
ഒരിക്കല്‍ തിരുവനന്തപുരത്തു വച്ച് പ്രഗത്ഭരായ ഇരുപതോളം ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ഞാനിത് ചെയ്തു. അതിലൊരു ഡോക്ടറോട് അദ്ദേഹത്തിന്റെ വീട് എവിടെയാണോ അവിടെ പോയ് വരാം എന്ന് ഞാന്‍ അറിയിച്ചു. ഡോക്ടറുടെ വീട് നെയ്യാറ്റിന്‍കരയാണ്. അദ്ദേഹം വഴി പറഞ്ഞു തന്നു. ഞാന്‍ പരമാവധി ഏകാഗ്രതയോടെ ക്രിയ അനുസരിച്ച് ശരീരം നിശ്ചലമാക്കി ആത്മാവ് സഞ്ചരിച്ചു.
ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ഹൃദയസ്പന്ദനം നിലച്ചതു കണ്ട് അമ്പരന്നു. അതേസമയം ആത്മാവ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് നെയ്യാറ്റിന്‍കരയില്‍ ചെന്ന് ആറ് മിനിറ്റിനുള്ളില്‍ തിരിച്ചു വന്നു. എന്നിട്ട് ഞാന്‍ ഡോക്ടറോട് പറഞ്ഞു.
''ഡോക്ടറുടെ വീട്ടില്‍ ആകെ പ്രശ്നങ്ങളാ...ഇന്നലെ പെയ്ത മഴയില്‍ ഒരു മരം ഇടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ടെലഫോണ്‍ ലൈനും ഇലക്ട്രിസിറ്റിയും എല്ലാം പോയി. ആ വടക്ക് കിഴക്ക് മൂലയില്‍ ഒരു കിണറ് കുത്താന്‍ ശ്രമിച്ച് വെളളം കിട്ടാണ്ട് പകുതി വഴിക്ക് നിര്‍ത്തിയില്ലേ? അതില്‍ മുഴുവന്‍ ചപ്പും ചവറും വീണ് കിടക്കുകയാ..നിങ്ങളുടെ അമ്മ നാല് കൂലിക്കാരെ നിര്‍ത്തി ഇന്ന് ചപ്പും ചവറും വാരിച്ചു.
ഇപ്പോള്‍ മഴയില്‍ ആ കിണറ്റില്‍ വെളളം വന്നിട്ടുണ്ട്. പക്ഷെ കൂലിക്കാര്‍ക്ക് കൊടുക്കാന്‍ കയ്യില്‍ പണമില്ലാതെ അമ്മ ഡോക്ടറെ പ്രതീക്ഷിച്ചിരിക്കയാണ്. ഫോണ്‍ പോയ സ്ഥിതിക്ക് മകനെ എങ്ങനെ വിവരം അറിയിക്കുമെന്ന് പറഞ്ഞ് അമ്മ പരിതപിക്കുന്നുണ്ട്...ഡോക്ടര്‍ വേഗം അവിടെ വരെ ഒന്ന് പോയി വന്നാട്ടെ..'
ഡോക്ടര്‍ രണ്ടുമൂന്ന് ഡോക്ടര്‍മാരെയും കൂട്ടി ഒരു കാറില്‍ അവിടേക്ക് തിരിച്ചു. അരമണിക്കൂറിനുളളില്‍ വീട്ടിലെത്തി. അവിടെ ചെന്നപ്പോള്‍ അമ്മ ഓടി വന്നിട്ട് പറഞ്ഞു.
'എടാ നീ നോക്കിക്കേ...ഇവിടത്തെ സ്ഥിതിയെന്താണെന്ന്..'
ഡോക്ടര്‍ ആ കിണറ്റിലും പരിസരത്തും ഓടി നടന്ന് നോക്കി. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി സത്യമായി ഭവിച്ചിരിക്കുന്നു. ഡോക്ടര്‍ക്ക് വല്ലാത്ത അത്ഭുതമായി.
ഇതൊന്നും അമാനുഷിക സിദ്ധികളല്ല. മന്ത്രമോ മായമോ ഒന്നും ഇതിലില്ല. യോഗയിലുടെ കരഗതമാവുന്ന മനസിന്റെ ചില കഴിവുകളെ ഉപയോഗിക്കുക മാത്രമാണ്.
ശ്രീനാരായണഗുരു അടക്കമുള്ള മഹാരഥന്മാര് ഒരേ സമയം കേരളത്തിലും സിലോണിലും പ്രസംഗിച്ച അനുഭവകഥയൊക്കെ ഈ സിദ്ധിയുമായി ചേര്‍ത്തു വച്ച് വായിക്കപ്പെടേണ്ടതാണ്. പഠനവിധേയമാക്കേണ്ടതും.
സജില്‍ ശ്രീധര്‍