
ന്യൂഡല്‍ഹി: ചൈനയിലേക്ക് ചരക്കുമായി പോയ ബോയിങ് 787 വിമാനത്തിന്റെ പൈലറ്റുമാരുടെ രണ്ടാം പരിശോധനാഫലം നെഗറ്റീവായി. ശനിയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് 19 പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. 77 പൈലറ്റുമാര്‍ക്കാണ് കോവിഡ് 19 പരിശോധന നടത്തിയത്. പൈലറ്റുമാര്‍ക്ക് പുറമേ, ഒരു ടെക്‌നീഷ്യനും മറ്റൊരു ജീവനക്കാരനും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. അവര്‍ രണ്ടുപേരും നിരീക്ഷണത്തില്‍ തുടരുകയാണ്.
കോവിഡ് പോസിറ്റീവായ അഞ്ചുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 20നാണ് രോഗബാധിതരാകുന്നതിന് മുമ്പ് ഇവര്‍ വിമാനം പറത്തിയിരുന്നത്. പരിശോധനാഫലം പോസിറ്റീവായ അഞ്ചുപൈലറ്റുമായെരും വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രണ്ടാമത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് അഞ്ചുപേരുടെയും ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വ്യത്യാസം പരിശോധനാഫലത്തില്‍ സംഭവിച്ചത് എന്നതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
പൈലറ്റുമാര്‍ക്ക് ആദ്യപരിശോധന നടത്തിയ ടെസ്റ്റ്കിറ്റുകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ശനിയാഴ്ച വ്യോമയാന മന്ത്രാലയവും കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.






