
ന്യൂഡല്‍ഹി : അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 പ്രത്യേക ശ്രമിക് തീവണ്ടികള്‍കൂടി ഓടിക്കുമെന്ന് വ്യക്തമാക്കി റെയില്‍വെ. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണിത്. തൊഴിലാളികള്‍ക്കെല്ലാം യാത്രാ സൗകര്യം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും എല്ലാവരെയും സ്വന്തം നാടുകളില്‍ എത്തിക്കുന്നതുവരെ ശ്രമിക് തീവണ്ടി സര്‍വീസുകള്‍ തുടരുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്മാന് വി.കെ യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് അടുത്ത 10 ദിവസത്തേക്കുള്ള 2600 തീവണ്ടി സര്‍വീസുകള്‍ നിശ്ചയിച്ചത്. 36 ലക്ഷം പേര്‍ക്ക് യാത്രാ സൗകര്യം ഇതിലൂടെ ഒരുക്കും. മെയ് ഒന്നു മുതല്‍ ഇതുവരെ 2600 ശ്രമിക് തീവണ്ടികളാണ് റെയില്‍വെ ഓടിച്ചത്. 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിച്ചു. അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 പ്രത്യേക തീവണ്ടികള്‍കൂടി ഓടിക്കാനാണ് തീരുമാനം.
ശ്രമിക് തീവണ്ടി സര്‍വീസ് ആരംഭിച്ച മെയ് ഒന്നിന് നാല് തീവണ്ടികളാണ് റെയില്‍വെ ഓടിച്ചത്. 4000 തൊഴിലാളികള്‍ അവയില്‍ സഞ്ചരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിദിനം 260 തീവണ്ടികളാണ് രാജ്യത്ത് ഓടുന്നത്. നാല് ലക്ഷം പേര്‍വീതം ഓരോ ദിവസവും ഈ തീവണ്ടികളില്‍ സഞ്ചരിക്കുന്നു. ശ്രമിക് തീവണ്ടികളില്‍ സഞ്ചരിച്ചവരില്‍ 80 ശതമാനം പേരും ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനക്കാരാണ്.
അന്തര്‍ സംസ്ഥാന തീവണ്ടി സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച അഭിപ്രായം റെയില്‍വെ വിവിധ സംസ്ഥാനങ്ങളോട് ആരാഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലുടന്‍ അന്തര്‍ സംസ്ഥാന തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വെ തയ്യാറാണ്. സംസ്ഥാനത്തിനുള്ളിലും തീവണ്ടി സര്‍വീസുകള്‍ തുടങ്ങാന്‍ സജ്ജമാണ്.
ഐആര്‍സിടിസി വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്കുചെയ്യാന്‍ കഴിയാത്ത നിരവധി പേരുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്താകമാനം 1000 കൗണ്ടറുകള്‍ തുറന്നിട്ടുള്ളത്. കൗണ്ടറുകളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്മാന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.






