
തിരുവനന്തപുരം : കോവിഡ് ലോക്ക്ഡൗണ്‍ മാനദനണ്ഡങ്ങള്‍ കാറ്റില്പ്പറത്താനൊരുങ്ങി സംസ്ഥാന ജല അതോറിറ്റി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങള്‍പോലും വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുമ്പോള്‍, വിപുലമായ ബോര്‍ഡ് യോഗവും അതിനുശേഷം വിരുന്നുമൊരുക്കിയാണ് അതോറിറ്റിയുടെ ആഘോഷം. സാമ്പത്തികപ്രതിസന്ധി മൂലം സര്‍ക്കാര്‍ വലയുമ്പോഴാണ് ശമ്പളവും പെന്‍ഷനും പോലും നല്കാന് ഗതിയില്ലാത്ത അതോറിറ്റിയുടെ ധൂര്‍ത്ത്.
അടുത്ത വ്യാഴാഴ്ചയാണ് അതോറിറ്റിയുടെ ആസ്ഥാനത്തെ എ.സി. ഹാളില്‍ ബോര്‍ഡ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും. ഉച്ചവിരുന്നോടെ യോഗം അവസാനിക്കുമെന്നാണ് അറിയിപ്പ്. അതോറിറ്റിയുടെ സേവനങ്ങള്‍ കേന്ദ്രനയപ്രകാരം പരിഷ്കരിക്കുന്നതു ചര്‍ച്ചചെയ്യാനാണ് അടിയന്തരയോഗം. മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില കല്‍പ്പിച്ച്, കോവിഡ് കാലത്ത് 30% തസ്തിക നിര്‍ത്തലാക്കാനുള്ള നിര്‍ദേശവും യോഗം പരിഗണിച്ചേക്കും. റീ ബില്‍ഡ് കേരളയുടെ ഉപസമിതി നിര്‍ദേശങ്ങളും കേന്ദ്രപദ്ധതിയായ ജല്‍ജീവന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട മാറ്റങ്ങളും ചര്‍ച്ചചെയ്യും.
ആര്. സുരേഷ്






