
കൊല്ലം: കൊല്ലത്ത് അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പോലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴിയോടെയാണ് ഉത്രയുടെ(25) മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പതിനായിരം രൂപ നല്‍കിയാണ് ഇയാള്‍ മൂര്‍ഖന്‍ പാമ്പിനെ സുഹൃത്തായ പാമ്പ് പിടുത്തക്കാരനില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ പാമ്പിനെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാനായിരുന്നുവെന്നാണ് ഇയാള്‍ അയാളെ വിശ്വസിപ്പിച്ചിരുന്നത്. കൊലപാതകത്തില്‍ സൂരജിന്റെ അകന്ന ഒരു ബന്ധുവിനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൂരജും ബന്ധുവുമാണ് നിലവില്‍ പോലീസ് കസറ്റഡിയിലുള്ളത്.
മാര്‍ച്ച് രണ്ടിന് ആദ്യം സൂരജിന്റെ വീട്ടില്‍വച്ചാണ് ഉത്രയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അണലി വര്‍ഗത്തിലുള്ള പാമ്പാണ് ഇത്രയെ അന്ന് രാത്രി കടിച്ചത്. ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബ വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയെ രണ്ടാമതും പാമ്പ് കടിയേറ്റത്. രണ്ടാം തവണ മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്.






