
നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്ത ഇംഗ്ലീഷ് ഇതര ഷോ ആണ് മണി ഹെയ്സ്റ്റ്. ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലടക്കം സ്പാനിഷ് സൂപ്പര്‍ ഹിറ്റ് ടിവി സീരീസായ മണി ഹീസ്റ്റ് തരംഗമായിരുന്നു. സീരിസില്‍ ആരാധകരുടെ കണ്ണുടക്കിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നയ്റോബി. സ്പാനിഷ് അഭിനേത്രി ആല്‍ബ ഫ്ലോറസാണ് നയ്റോബിയായി വേഷമിട്ടത്.
2013ല്‍ കരിയറിന്റെ തുടക്കകാലത്ത് ആല്‍ബ ഫ്ലോറസ് അഭിനയിച്ച വിസെന്റെ ഫെറര്‍ എന്ന ചിത്രത്തിലെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആല്‍ബ ഫ്ലോറസിന്റെ ഒഴുക്കോടെയുള്ള തെലുങ്ക് സംസാരം തന്നെയാണ് ഈ വിഡിയോ ഇത്രയും വൈറലാകാനും കാരണം. നല്ല ഒഴുക്കോടെ തെലുഗു സംസാരിക്കുന്ന ആന്ധ്രക്കാരിയായ ഷമീറയായാണ് 33കാരിയായ ഫ്ലോറസ് ചിത്രത്തില്‍ വേഷമിട്ടത്. സാരിയുടുത്ത് ഇന്ത്യന്‍ ലുക്കിലുള്ള ഫ്ലോറസിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.
സ്പാനിഷ് സിനിമയിലെ രംഗം ടിക്ടോകിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് കാഴ്ചക്കാരെയാണ് കുറഞ്ഞ സമയം കൊണ്ട് വിഡിയോക്ക് ലഭിച്ചത്. യൂട്യൂബില്‍ വിഡിയോ റീപോസ്റ്റ് ചെയ്തതോടെ വീണ്ടും വൈറലായി. ഇതിനോടകം എട്ടുലക്ഷത്തോളം പേര് കണ്ട വിഡിയോക്ക് 8000ത്തിലധികം ലൈക്ക് ലഭിച്ചു. താരത്തിന്റെ അഭിനയ മികവിനെ പുകഴ്ത്തി നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരിക്കുന്നത്.






