
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നടന്നത് മാസങ്ങള്‍ നീണ്ട ഗൂഡാലോചനയെന്ന് പോലീസ്. പാമ്പാട്ടിയില്‍ നിന്നും പ്രതിയായ സൂരജ് രണ്ടു പാമ്പുകളെ വാങ്ങിയെന്നും ഇവയെ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന പ്ളാസ്റ്റിക് പാത്രവും കണ്ടെത്തി. കൊല്ലം അഞ്ചലില്‍ ഉത്രയുടെ വീട്ടില്‍ പുലര്‍ച്ചെയാണ് തെളിവെടുപ്പിനായി പോലീസ് സൂരജിനെ എത്തിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പരിസരത്ത് നിന്നാണ് കുപ്പി കണ്ടെത്തിയത്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുകയാണ്. സംഭവത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
നേരത്തേ കുറ്റമേറ്റു പറഞ്ഞ സൂരജ് ഭാര്യ മരിച്ചെന്ന് ഉറപ്പാക്കുകയും തന്നെ പാമ്പു കടിക്കാതിരിക്കാന്‍ രാവിലെ വരെ മുറിയില്‍ ഉറങ്ങാതിരിക്കുകയും ചെയ്തതായി മൊഴി നലകിയിട്ടുണ്ട്. രണ്ടുതവണയായിട്ടാണ് കല്ലുവാതുക്കല്‍ സ്വദേശിയായ പാമ്പാട്ടി സുരേഷില്‍ നിന്നും സൂരജ് പാമ്പുകളെ വാങ്ങിയത്. പാമ്പുകളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുരേഷും സൂരജും തമ്മില്‍ നടത്തിയ ഫോണ്‍സന്ദേശം പോലീസിന് കിട്ടിയിട്ടുണ്ട്. 10,000 രൂപയ്ക്കാണ് രണ്ടു പാമ്പുകളെ വാങ്ങിയത്. മൂന്ന് മാസം നീണ്ട ഗൂഡാലോചനയ്ക്ക് ശേഷമാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
കൃത്യമായ ആസൂത്രണമെന്ന് വെളിവാകുന്ന തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ആദ്യ തവണ ഉത്രയെ അണലി കടിച്ചത് സൂരജിന്റെ വീട്ടില്‍ വെച്ചായിരുന്നു. ഫെബ്രുവരി 26 നാണ് സുരേഷില്‍ നിന്നും അണലിയെ സൂരജ് വാങ്ങിയത്. വീട്ടിലെ പ്ളാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്നു. ഇതിനെ ഉപയോഗിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ വധശ്രമം. കുട്ടിയെ നോക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആദ്യ തവണ പാമ്പു കടിയേറ്റതെന്നാണ് സൂരജിന്റെ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന മൊഴി. അണലിയായിരുന്നു കടിച്ചത്. ഉത്രയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വേദന ഉണ്ടാകാതിരുന്നതിനാല്‍ പാമ്പു കടിച്ച വിവരം ഉത്ര അറിഞ്ഞത് വൈകിയാണെന്നമാണ് വീട്ടുകാര്‍ പറഞ്ഞത്. അണലി കടിച്ചാല്‍ വേദനിക്കും എന്നിരിക്കെ ഈ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
വൈകിയാണ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെങ്കിലൂം ഉത്ര രക്ഷപ്പെട്ടു. പിന്നീട് അഞ്ചലിലെ സ്വന്തം വീട്ടിലായിരുന്ന ഉത്രയുടെ വീട്ടിലേക്ക് ഏപ്രില്‍ 24 ന് വാങ്ങിയ കരിമൂര്‍ഖനുമായി സൂരജ് എത്തുകയായിരുന്നു. മെയ് 6 ന് അര്‍ദ്ധരാത്രി 12 മണിയോടെ ഇരുവരും ഉറങ്ങാന്‍ കിടന്നു. ഇതിനിടയില്‍ ഗുളിക കഴിക്കാന്‍ എഴുന്നേറ്റ് ഉത്ര അതു കഴിഞ്ഞ് വീണ്ടും കിടന്നപ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കരിമൂര്‍ഖനെ സൂരജ് പുറത്തെടുത്തു. പാമ്പിനെ കൈകാര്യം ചെയ്യാന്‍ പഠിച്ചിരുന്ന സൂരജ് അതിനെ ഉത്രയുടെ കാലിനടിയിലേക്ക് വലിച്ചെറിഞ്ഞു കടിച്ചെന്ന് ഉറപ്പു വരുത്തി. മുറിയില്‍ വസ്ത്രങ്ങള്‍ വെച്ച അലമാരയുടെ അടുത്തേക്കാണ് പാമ്പ് പോയത്.
ഉറങ്ങാതെ കാത്തിരുന്ന സൂരജ് രാവിലെ പുറത്തിറങ്ങി ഉത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിറ്റേന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. കൊലപാതകത്തിന് വേണ്ടിയാണ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ കടിച്ച പാമ്പിനെ പുറത്തെടുക്കേണ്ടതുണ്ട്. ഇന്ന് സൂരജിനെയും സുരേഷിനെയും നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കും. പിന്നാലെ സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.






