ബംഗളുരു: കുടിയേറ്റ തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്ന് ബീഹാറിലേക്ക് പോയ ശ്രമിക് ട്രെയിന്‍ കര്‍ണാടകയിലെത്തി. ബീഹാറിലെ ഛപ്രയിലെത്തേണ്ട ട്രെയിനാണ് ബംഗളുരുവിലെത്തിയത്. 1200 തൊഴിലാളികളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ട്രെയിന്‍ ബീഹാറിലെ ഛപ്രയിലാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍ എത്തിച്ചേര്‍ന്നത് ഒഡീഷയിലെ റൂര്കലയില്. ബീഹാറിലെ പാട്നയില്‍ എത്തേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകളില്‍ ഒന്ന് പശ്ചിമ ബംഗാളിലെ പുരുലിയയിലും മറ്റൊന്ന് ബീഹാറിലെ ഗയയിലുമെത്തി.
കേന്ദ്രസര്‍ക്കാര്‍ നിരവധി ശ്രമിക് ട്രെയിനുകള്‍ അനുവദിക്കുമ്പോഴും താളം തെറ്റിയ നിലയിലാണ് സര്‍വീസുകള്‍ നടത്തുന്നത് എന്ന് തെളിയിക്കുന്ന സമാനമായ നിരവധി റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബംഗളുരുവില്‍ എത്തിയ ട്രെയിന്‍ ഇന്നലെ ഛപ്രയിലേക്ക് തിരിച്ചു.
അതേസമയം വീഴ്ച സംഭവിച്ചതായി അറിയില്ലെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീ് പി.ആര്.ഒ രാജേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ മഹാരാഷ്ട്രയിലെ ഭുസാവലില്‍ വച്ചാണ് ട്രെയിന്‍ വഴി തെറ്റിയതെന്നും യു.പിയിലെ അലഹാബാദിലേക്കും പിന്നീട് ഛപ്രയിലേക്കും പോകേണ്ടിയിരുന്ന വണ്ടി ബംഗളുരുവിലേക്ക് വരികയായിരുന്നെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.






