
പത്തനംതിട്ട: ഉത്രയുടെ കൊലപാതക കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനുവേണ്ടി സി.പി.എം. ഇടപെട്ടുവെന്നും ശിശുക്ഷേമ സമിതിയെ ഉപയോഗിച്ചു കുട്ടിയെ സൂരജിന്റെ കുടുംബത്തിനു െകെമാറാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉന്നയിച്ചു കോണ്‍ഗ്രസ്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തെ സി.പി.എം നേതാവും ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനുമായ കെ.പി സജിനാഥിന് സൂരജ് പരാതി കൊടുത്ത നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഉത്തരവ് നല്കി കുട്ടിയെ പിടിച്ചെടുക്കുകയാണുണ്ടായതെന്നും പത്തനംതിട്ട ഡി.സി.സി െവെസ് പ്രസിഡന്റ് അനില്‍ തോമസ് ആരോപിച്ചു.
കുടുംബാംഗങ്ങളെ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പൊലീസ് ബന്ധുക്കളെ അവിടെ ഇരുത്തി കൊണ്ട് തന്നെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചെന്നും പ്രതി സൂരജ്, അമ്മ, പറക്കോട് നിന്ന് വന്ന ആറംഗ ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘത്തിന് കുഞ്ഞിനെ െകെമാറുകയാണുണ്ടായതെന്നും അനില്‍ തോമസ് പറഞ്ഞു.
ഉത്രയുടെ സ്വര്‍ണം ലോക്കറില്‍നിന്ന് എടുത്തതു പരിശോധിക്കാന്‍ സൂരജുമായി അന്വേഷണസംഘം ബാങ്കിലെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ അനുമതി നല്‍കിയില്ല. നടപടിക്രമങ്ങള്‍ കണക്കിലെടുത്താണിതെന്നുബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ, സ്വര്‍ണമെടുക്കാന്‍ സൂരജ് ബാങ്കിലെത്തിയ ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു.
കേസില്‍ ശാസ്ത്രീയതെളിവുകള്‍ പരമാവധി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസില്‍ ദൃക്സാക്ഷികളില്ലാത്തതിനാല്‍ പഴുതടച്ച തെളിവുകളാണ് ആവശ്യം. മയക്കുമരുന്നോ മറ്റോ നല്‍കിയതുകൊണ്ടാണോ പാമ്പുകടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്നും അന്വേഷിക്കും. ഉത്രയുടെആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാലേ പോലീസ് അന്വേഷണം മുന്നോട്ടുനീങ്ങൂ.
ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡി.എന്‍.എ. പരിശോധനയും നടത്തും. ഒരുവര്‍ഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. സൂരജിനെ രക്ഷിക്കാന്‍ മാതാവ് നിരത്തിയ ന്യായവാദങ്ങള്‍ കള്ളമാണെന്നും പോലീസ് കരുതുന്നു. സൂരജിന്റെ മാതാവും സഹോദരിയും ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലായ ദിവസം സൂരജ് തങ്ങിയ വീട്ടിലെ അംഗങ്ങളെയും ചോദ്യംചെയ്യും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാര്‍ച്ച് 26-നായിരുന്നു വിവാഹം. മാസങ്ങള്‍ക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ ദമ്പതികള്‍ തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രന് ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധനമായി ലഭിച്ച 96 പവന്, അഞ്ചുലക്ഷം രൂപ, കാര്‍ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനല്‍കേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പോലീസ് ഭാഷ്യം.






