
മോസ്കോ: കൊറോണയ്ക്കെതിരേ മുലപ്പാല്‍ ഫലപ്രദമാകുമോ എന്ന കണ്ടെത്തലിനൊരുങ്ങി റഷ്യന്‍ ഗവേഷകര്‍. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ കുട്ടികളിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള ലാക്ടോഫെറിന്‍ എന്ന പ്രോട്ടീനാണ് നവജാത ശിശുക്കളെ രോഗബാധയുണ്ടാകുന്നതില്‍ നിന്ന് സംരക്ഷിക്കുന്നത്. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗമാണ് ഗവേഷണങ്ങള്‍ നടത്തുന്നത്.
ലാക്ടോഫെറിന്‍ മുതിര്‍ന്നവരിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ ഈ പ്രോട്ടീനെ അടിസ്ഥാനമാക്കി മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് റഷ്യന്‍ ഗവേഷകര്‍. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്കരണം നടത്തിയ പ്രൊട്ടീന്‍ 2007ല്‍ റഷ്യന്‍ ഗവേഷകര്‍ വികസിപ്പിച്ചിരുന്നു. നിയോലാക്ടോഫെറിന് എന്നാണ് ഇതിന് ഗവേഷകര്‍ പേരിട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുമുണ്ട്.
നിയോലാക്ടോഫെറിന്റെ ഈ ശേഷി കൊറോണ വൈറസിനെതിരെ ഉപയോഗിക്കാനാകുമോയെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്. കോശങ്ങള്‍ക്കുള്ളിലേക്ക് കടന്നുകയറി പ്രത്യുത്പാദനം നടത്താനുള്ള വൈറസിന്റെ ശ്രമങ്ങളെ ഈ പ്രോട്ടീന്‍ തടയുമെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാല്‍ അതിനെ മരുന്നാക്കി ഉപയോഗിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.






