
തിരുവനന്തപുരം : സംവിധായകൻ ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം. മെഡിക്കൽ വിദ്യാർത്ഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന 'ജപ്പാൻ' എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കറുത്തഹാസ്യം എന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിശ്രീ അശോകൻ ആണ്.
ജൂലൈ 18 മുതൽ 27 വരെ ആയി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും ചലചിത്രമേള നടക്കുക.
സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവൻ, വാവച്ചൻ എന്നിവർ ഹാസ്യത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നതും ജയരാജാണ്.
എപ്പോക്ക് ഫിലിംസിന്റെ ബാനറിൽ ജഹാംഗീർ ഷംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനോദ് എലമ്പള്ളി (ഡിഒപി), വിപിൻ മണ്ണൂർ (എഡിറ്റിങ്), സുജിത് രാഘവ് (ആർട്ട്), രതീഷ് അമ്പാടി (മേക്കപ്പ്), അജി മുളമുക്ക് (കോസ്റ്റ്യൂം), സജി കോട്ടയം (പ്രൊഡക്ഷൻ കൺട്രോളർ), ഷൈൻ കാഞ്ഞിരപ്പള്ളി (ലൊക്കേഷൻ സൗണ്ട്സ്), ജയേഷ് പടിച്ചൽ (സ്റ്റിൽസ്) എന്നിവരാണ് അണിയറയിൽ.






