
1963-ല്‍ ഇറങ്ങിയ ഹിന്ദി സിനിമയാണ് 'റസ്തം സൊഹ്റാബ്'. പേര്‍ഷ്യന്‍ കവി ഫിര്‍ ഭൗസിയുടെ വിശ്വപ്രസിദ്ധമായ കാവ്യത്തെ അധികിരച്ചെടുത്ത ഈ സിനിമ വന്‍ ഹിറ്റായിരുന്നു. അച്ഛന്റെയും മകന്റെയും കഥപറയന്ന പ്രമേയം ദുരന്തമയമാണ്. അച്ഛനും മകനുമാണെന്ന വസ്തുത മനസിലാകാതെ ജീവിക്കേണ്ടിവരുന്ന റസ്തുവും സൊഹ്റാബും ഏറ്റുമുട്ടുന്നതും പരസ്പരമറിയാതെയുള്ള യുദ്ധത്തിനൊടുവില്‍ അച്ഛന് മകനെ വക വരുത്തുന്നതുമാണ് കഥാതന്തു. മരണം സൊറാഹ്ബിനെ കൂട്ടിക്കൊണ്ടുപോകാന്‍ നേരത്താണ് താന്‍ കുത്തിവീഴ്ത്തിയത് സ്വന്തം മകനെയാണെന്ന് അച്ഛന് മനസിലാക്കുന്നത്.
മകന്റെ രക്ഷക്കായി അണിയിച്ച രത്നാഭരണമാണ് തിരിച്ചറിയാന്‍ കാരണം. ആ ആഭരണം അമ്മയ്ക്ക് നല്കിയതാകട്ടെ റസ്തുവും. വിക്രം ബദാകര് സംവിധാനം ചെയ്ത എഫ്.യു.റംസേ നിര്‍മിച്ച ഈ സിനിമയില്‍ പ്രിഥ്വിരാജ് കപൂര്‍, പ്രേംജിത്ത്, സുരയ്യ, മുംതാസ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഗാനങ്ങളും വികാരതീവ്രരംഗങ്ങളുമാണ് ഈ ഹിന്ദിസിനിമയ്ക്ക് ഭാഷാതീതമായ വിജയം നേിക്കൊടുത്തത്. ഈ വിജയം കണ്ട് ത്രസിച്ചവരില് ഒരാളായിരുന്നു കുഞ്ചാക്കോ.
കാറ്റിനൊത്ത് വീശാന്‍ വിദഗ്ധന്‍. കോളിളക്കം സൃഷ്ടിച്ച കുറ്റകൃത്യങ്ങള്‍ സിനിമകളാക്കി സമയത്തിറക്കി കാശുവാരുന്ന തനിക്കച്ചവടക്കാരന്. ഭാര്യയും (തിരുവല്ലയില്‍ നടന്ന കൊലക്കേസ്) മൈനത്തരുവി കൊലക്കേസും (മന്ദമരുതി എന്ന സ്ഥലത്ത് കണ്ട മറിയക്കുട്ടിയുടെ മൃതദേഹവും അവരെ ഫാ.ബെനഡിക്ട് എന്ന പുരോഹിതന് കൊന്നതാണെന്ന പ്രോസിക്യൂഷന് കേസും) ചൂടാറുംമുമ്പ് തന്നെയിറക്കി പണംവാരി കുഞ്ചാക്കോ. ഹിന്ദിയിലെടുത്തിട്ടും അതിനുമപ്പുറം വിജയം കണ്ട 'റസ്തംസൊഹ്റാബ്'അപ്പോഴൊക്കെ കുഞ്ചാക്കോയുടെ മനസിലുണ്ടായിരുന്നു. അതുപോലൊരു കഥ മെനഞ്ഞുണ്ടാക്കി സിനിമയാക്കിയാല്‍ വിജയമുറപ്പെന്ന് അദ്ദേഹം ബലമായി വിശ്വസിച്ചു.
അതിനൊരു പുരാണകഥ വേണം. അതിലേക്ക് വേണം റസ്തം സൊഹ്റാബിന്റെ ആത്മാവിനെ സന്നിവേശിപ്പിക്കാന്‍. ശാരംഗപാണിയുണ്ടെങ്കിലും നല്ലത് ഗോവിന്ദന്കുട്ടിയാണെന്ന ഉപദേശം സ്വീകരിച്ച് അദ്ദേഹത്തെ ഉദയാസ്റ്റുഡയോയില് വരുത്തി കുഞ്ചാക്കോ കാര്യമവതരിപ്പിച്ചു. കഥയും തിരക്കഥയുമെഴുതാന്‍ ഗോവിന്ദന് കുട്ടി സമ്മതിച്ചു. ഒരുമാസത്തിനുള്ളില്‍ എല്ലാം പൂര്‍ത്തിയായിരിക്കണമെന്ന മുന്നറിയിപ്പ് കലര്‍ന്ന ഉപാധി കുഞ്ചാക്കോയുടെ വകയായി ഗോവിന്ദന്‍കുട്ടിയുടെ മുന്നില്‍. പുരാണത്തിന് പറ്റിയ കഥകള്‍ക്കായി ഗോവിന്ദന്‍കുട്ടി പരതിയെങ്കിലും കിട്ടിയില്ല. പുരാണത്തില്‍ കൃത്രിമത്ത്വം തുന്നിച്ചേര്‍ത്താല്‍ വികലമാകാനും വിമര്ശനവിധേയമാകാനും അത് ഒരുപക്ഷേ ഒച്ചപ്പാടുണ്ടാക്കാനും സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കിയ ഗോവിന്ദന്‍കുട്ടി പറ്റിയപ്രമേയം തന്റെ ഇഷ്ടവിഷയമായ വടക്കന്‍ പാട്ടുകളില്നിന്ന് കടഞ്ഞെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെപിറന്നതാണ് 'ഒതേനന്റെ മകന്' എന്ന സിനിമ.
അക്കാലത്ത് മലയാളികള്‍ ദുരന്തങ്ങളേക്കാള്‍ വിജയത്തിലവസാനിക്കുന്ന കഥകളോട് വല്ലാത്ത അടുപ്പം കാട്ടുന്ന പ്രകൃതക്കാരായിരുന്നു. റസ്തംസൊഹ്റാബ് പോലെ ദുരന്തത്തിലവസാനിക്കുന്ന സിനിമ ഒരുപക്ഷേ കേരളീയര്‍ ഏറ്റെടുത്തേക്കില്ലെന്ന സംശയം കുഞ്ചാക്കോയ്ക്കും ഗോവിന്ദന്കുട്ടിക്കുമില്ലാതില്ല. ഹിന്ദിസിനിമയിലേതുപോലെ പരസ്പരമറിയാത്ത അച്ഛനും മകനും വേണം. അവര്‍ തമ്മില്‍ നന്നായി വാള്, ഉറുമിപ്പയറ്റുകളും നടത്തണം. ഒപ്പം പ്രണയവും തമാശകളുമൊക്കെ രുചിക്കൂട്ടുകളായി ചേര്‍ക്കണം. എന്തായാലും പറഞ്ഞ സമയത്ത് തന്നെ ഗോവിന്ദന്‍കുട്ടി റസ്തംസൊഹ്റാബ് മാതൃകയില്‍ ഒരു തിരക്കഥ തട്ടിക്കൂട്ടിയെടുത്തു. (അങ്ങനെ പറഞ്ഞുപോകും സിനിമ കണ്ടാല്‍) സത്യനും നസീറും അച്ഛനും മകനുമായി വരുന്ന അപൂര്‍വത കുടി സിനിമയ്ക്കുണ്ടാക്കി കുഞ്ചാക്കോ. ഹിന്ദി സിനിമയിലേതുപോലെ ദുരന്തത്തലല്ല 'ഒതേനന്റെ മകന്' അവസാനിക്കുന്നത്.
അച്ഛനും മകനും ഏറ്റുമുട്ടലിനൊടുവില്‍ തിരിച്ചറിയുന്നതും ആലിംഗനം ചെയ്യുന്നതും ഇവര്‍ക്കിടയില്‍ വില്ലനായി വന്നയാളെ ഒതേനന് ഒടിഞ്ഞവാക്കുകളെറിഞ്ഞ് തലതെറിപ്പിക്കുന്നതുമാണ് മാറ്റങ്ങള്‍. മകനെ തിരിച്ചറിയാന്‍ എങ്ങനെ കഴിഞ്ഞൂവെന്നതില് മഹാഭാരത്തിലെ ഒരു സംഭവത്തെയും അവലംബമാക്കി.
യുദ്ധാനന്തരം ഉദകക്രിയയ്ക്കായി ഗംഗാതടത്തിലേക്കു പുറപ്പെട്ട പാണ്ഡവരെ തടഞ്ഞ് അമ്മ കുന്തി ആദ്യം ഉദകക്രിയ ചെയ്യേണ്ടത് ജ്യേഷ്ഠന് കര്‍ണനാണെന്ന് വെളിപ്പെടുത്തുന്ന ഭാഗം ഗോവിന്ദന്‍കുട്ടി അതിവിദഗ്്ധമായി കഥയില്‍ ഉരുക്കിപ്പിടിപ്പിച്ചു. അപ്പോള്‍ മാത്രമാണ് കര്ണന് തങ്ങളുടെ മൂത്തസഹോദരനാണെന്ന സത്യം പാണ്ഡവര്‍ അറിയുന്നത്. സിനിമയിലും അമ്മതന്നെയാണ് മകന് അമ്പുവിനോട് ഏറ്റുമുട്ടി കൊല്ലാന്‍ പോകുന്നത് സ്വന്തം അച്ഛനെയാണെന്ന് വെളിപ്പെടുത്തുന്നത്.
മഹാഭാതത്തില് കുന്തിയെങ്കില് ഒതേനന്റെ മകനില്‍ കുഞ്ഞിയെന്ന വ്യത്യാസം മാത്രം. ശുഭാന്ത്യമായിരിക്കണം മലയാളസിനിമയ്ക്ക് വേണ്ടതെന്ന കാഴ്ചപ്പാട് അക്ഷരംപ്രതി സിനിമയില്‍ നടപ്പാക്കിയപ്പോള്‍ റസ്തം സൊഹ്റാബിന്റെ കോപ്പിയടിയാണെന്ന ആക്ഷേപം ഒഴിവാക്കാനും കഴിഞ്ഞു. അതാണ് ഗോവിന്ദന് കുട്ടിയുടെ എഴുത്തിന്റെ ഇന്ദ്രജാലം.






