
'പാപത്തിന്റെ ശമ്പളം മരണ'മെന്നത് പ്രശസ്തമായ ബൈബിള്‍ വാക്യമാണ്. ഇതിനെ അനുസ്മരിപ്പിക്കുന്ന ചിത്രമാണ് 'മനസ്സാ വാചാ കര്‍മ്മണ'.
പ്രശസ്ത നോവലിസ്റ്റ് ഏകലവ്യന്റെ കഥയ്ക്ക് ഷെരീഫ് തിരക്കഥയൊരുക്കി ഐ.വി.ശശി സംവിധാനം ചെയ്ത ഈ ചിത്രം മനുഷ്യമനസ്സിലെ കാമത്തിന്റെ നേര്‍ക്കാഴ്ചയാണ്. പ്രത്യേകിച്ചും സ്ത്രീ മനസ്സിന്റെ.
കഥയില്ലായ്മയില്‍ നിന്നാണ് 'മനസ്സാ വാചാ കര്‍മ്മണ'യുടെ കഥയാരംഭിക്കുന്നത്.
സമ്പന്നമായ തറവാട്ടിലെ ധൂര്ത്തുപുത്രനാണ് സുകു. അയാളുടെ കുടുംബസുഹൃത്താണ് ഡോ.വേണുവും ഭാര്യ ഗീതയും. സ്ത്രീസുഖം തേടിയുള്ള അപഥസഞ്ചാരങ്ങള്‍ സുകുവിന്റെ ദൗര്‍ബല്യമാണ്. മേനോന്റെ ഭാര്യ ലതിക എന്ന സ്ത്രീയുമായി അയാള്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നു. ലതികയുടെ ഭര്‍ത്താവ് മേനോന് ഇത് കൈയോടെ പിടിച്ചു. അയാള്‍ ഭാര്യയെ ഉപേക്ഷിച്ചു. ലതിക ഗര്‍ഭിണിയായി. പക്ഷേ സുകു ലതികയെ കയ്യൊഴിഞ്ഞു. ആ സ്ത്രീ ആത്മഹത്യ ചെയ്തു. ലതികയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സുകുവാണെന്ന് മനസ്സിലാക്കിയ ഡോ.വേണു ലതികയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ വച്ച് സുകുവിനെ കാണിച്ചു.
സുകുവിന്റെ മനസ്സ് പശ്ചാത്താപത്താല്‍ വിങ്ങിപ്പൊട്ടി.
മുറപ്പെണ്ണായ സുമിത്ര സുകുവിന്റെ ജീവിതസഖിയായി. ഒരുപാട് സ്വപ്നങ്ങളുമായാണ് സുമിത്ര സുകുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നാല്‍ ബെഡ്റൂമില്‍ സുകു നനഞ്ഞപടക്കമായി. സുമിത്രയെ പുല്കാന് തുടങ്ങുമ്പോള്‍ ലതികയുടെ ഓര്‍മ്മകള്‍ അവനെ കടന്നാക്രമിച്ചു. സുമിത്രയുടെ യൗവ്വനസൗഭാഗ്യത്തിനു മുന്നില്‍ ഈയാപ്പാറ്റയെപ്പോലെ സുകു പിടഞ്ഞുവീണു. തന്റെ മനസ്സിന്റെ ദൗര്‍ബല്യം സുകു വേണുവുമായി പങ്കുവച്ചു. വേണുവിന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ മന:ശാസ്ത്രചികിത്സയ്ക്ക് വിധേയനായി. ലതികയുമായുള്ള ബന്ധത്തിന്റെ ദുരന്തസ്മരണകള്‍ സുകുവിന്റെ മനസ്സില്‍ നിന്നും ഒഴിഞ്ഞുപോയാലേ അയാള്‍ക്ക് ദാമ്പത്യജീവിതം നയിക്കാന്‍ കഴിയുകയുള്ളൂ എന്ന് മന:ശാസ്ത്രജ്ഞന് വിധിയെഴുതി. ഇത് വേണു സുമിത്രയെ അറിയിച്ചു. സുമിത്ര തന്റെ യൗവ്വനകാന്തികൊണ്ട് സുകുവിനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലതികയുടെ ഓര്‍മ്മകള്‍ മായ്ക്കാന്‍ അതിനു കഴിഞ്ഞില്ല. അസംതൃപ്തയായ ഭാര്യയായി സുമിത്ര.
ഡോ.വേണുവിന്റെ ഭാര്യ ഗര്‍ഭിണിയായി. നാട്ടാചാരപ്രകാരം അവളെ തറവാട്ടിലേയ്ക്ക് കൊണ്ടുപോയി. സുകുവിന്റെയും സുമിത്രയുടെയും ദാമ്പത്യജീവിതത്തിലെ പ്രതിസന്ധി ഡോ.വേണു ഭാര്യയെ അറിയിച്ചിരുന്നു. സുമിത്രയുടെ ദു:ഖം ഗീത മനസ്സിലാക്കി. സുകുവും സുമിത്രയും സന്തുഷ്ടമായ ദാമ്പത്യജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഗീത പ്രത്യാശിച്ചു.
കഥയില്ലായ്മകള്‍ കഥയിലേയ്ക്ക് കടക്കുന്നതിവിടെയാണ്.
തന്റെ ദൗര്‍ബല്യം സുകുവിനെ വീര്‍പ്പുമുട്ടിച്ചു. സുമിത്രയുടെ കാമവികാരങ്ങളെ തളയ്ക്കാന്‍ മാത്രമല്ല, തനിക്കൊരു പിന്‍ഗാമി ഉണ്ടാകാന്‍പോലും കഴിയില്ലെന്ന ചിന്ത അവനെ മദ്യത്തിനടിമയാക്കി. ഒരു ഘട്ടത്തില്‍ സൃഹൃത്തായ വേണുവിനോട് സുമിത്രയുമായി ലൈംഗികമായി ബന്ധപ്പെട്ട് തനിക്കൊരു കുഞ്ഞിനെ തരാന്‍ അപേക്ഷിക്കുന്ന സാഹചര്യത്തില്‍ സുകു എത്തിച്ചേര്‍ന്നു.
ഗീത പോയപ്പോള്‍ സുമിത്ര വേണുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതാണ് കഥയിലെ ടേണിംഗ് പോയിന്റ്. ഗീതയുടെ സ്ഥാനം പതിയെപ്പതിയെ സുമിത്ര ഏറ്റെടുത്തു. അവളും വേണുവുമായി ബന്ധപ്പെട്ടു. സുമിത്ര ഗര്‍ഭിണിയായി. സുമിത്രയുടെ മദാലസ സൗന്ദര്യത്തില്‍ വേണു ഗീതയെ മറന്നു.
സുമിത്രയും വേണുവുമായുള്ള ബന്ധം സുകു മനസ്സിലാക്കുന്നു. സുകുവിന്റെ അമ്മയും ഇതറിഞ്ഞു. കിടപ്പറയിലെ സുകുവിന്റെ പരാജയം ഗീതയില്‍ നിന്നും സുകുവിന്റെ അമ്മ അറിഞ്ഞിരുന്നു. മരുമകള്‍ കൈവിട്ടുപോകുന്നത് നീറുന്ന ഹൃദയത്തോടെ നോക്കി നില്‍ക്കാനേ അവര്‍ക്കായുള്ളു.
ഗീത പ്രസവിച്ചത് ചാപിള്ളയെയാണ്. തകര്‍ന്ന ഹൃദയത്തോടെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ ഗീത അറിയുന്നത് സുമിത്രയും വേണുവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ കഥയാണ്. സുമിത്ര ഗര്‍ഭിണിയായതും അവള് അറിഞ്ഞു. അഭിമാനിയായ ഗീതയുടെ പിതാവ് അവളെ വേണുവിന്റെ മുന്നില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി. വേണുവുമായുള്ള വിവാഹബന്ധമൊഴിയാന് അയാള്‍ ഗീതയോട് പറഞ്ഞു. ലതികാമേനോനോട് ചെയ്ത പാപം സുമിത്രയിലൂടെ തിരിച്ചടിക്കുന്നുവെന്നറിഞ്ഞ സുകു നിസ്സഹായനായി. അയാള്‍ ആത്മഹത്യ ചെയ്തു. വേണുവുമായുള്ള ബന്ധമൊഴിയുന്നത് ഗീതയ്ക്കും മരണതുല്യമായിരുന്നു. അവളും ആത്മഹത്യ ചെയ്തു.
വേണുവിന്റെയും സുമിത്രയുടെയും ജീവിതങ്ങള്‍ ബാക്കിയായി. വേണുവിന്റെ അമ്മ ഇവിടെ യഥാതഥമായി ചിന്തിക്കുന്നു. അവര്‍ സുമിത്രയെ സ്വീകരിക്കാന്‍ വേണുവിനോട് പറഞ്ഞു. ദുരന്തങ്ങള്‍ക്കൊടുവില്‍ സുമിത്രയും വേണുവും ഒന്നാകുന്നതോടെ ചിത്രം അവസാനിക്കുന്നു.
സോമനും സുകുമാരനും.
----------------------------
ഡോ.വേണുവായി സോമനും സുകുവായി സുകുമാരനും മത്സരിച്ചഭിനയിച്ച ചിത്രമാണിത്. പ്രേംനസീറിന്റെയും ജയന്റെയും സുവര്‍ണ്ണകാലത്ത് സ്വാഭാവികമായ അഭിനയത്തിലൂടെ ശ്രദ്ധ നേടിയവരാണിവര്‍. സോമനും സുകുമാരനും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മധ്യവര്‍ത്തി സിനിമകളായിരുന്നു. ഇവയെല്ലാം പ്രേക്ഷകരെ ആകര്‍ഷിച്ചു. പ്രേംനസീറിനെയും ജയനെയും ഓര്‍മ്മിക്കാന്‍ നിരവധി സംഘടനകളുണ്ട്. എന്നാല്‍ സത്യനുശേഷം സ്വാഭാവികമായ അഭിനയശൈലി മലയാളത്തിനു പരിചയപ്പെടുത്തിയ സുകുമാരനെയും സോമനെയും അനുസ്മരിക്കുന്ന സംഘടനകള്‍ വിരളമാണ്.
'കോട്ടയം കുഞ്ഞച്ചനി'ലെ ഉപ്പുകണ്ടം കോരയായി സുകുമാരനും 'ലേല'ത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചനായി സോമനും സിനിമയിലെ നവതലമുറയിലെ മാനറിസങ്ങള്‍ തങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് തെളിയിച്ചുവെങ്കിലും മലയാളസിനിമ അവരെ വേണ്ടനിലയില്‍ അംഗീകരിച്ചിട്ടില്ല.
സുമിത്രയായി സീമയും ഗീതയായി ജയഭാരതിയും സുകുവിന്റെ അമ്മയായി സുകുമാരിയും അഭിനയിച്ചു.
ബിച്ചുതിരുമലയും എ.ടി ഉമ്മറും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയത്. യേശുദാസ് പാടിയ 'ഹോമം കഴിഞ്ഞു', 'സാന്ദ്രമായ ചന്ദ്രികയില്‍', യേശുദാസും വസന്തയും ചേര്‍ന്നുപാടിയ 'നിമിഷങ്ങള്‍പോലും'എന്നിങ്ങനെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റായി. സൂപ്പര്‍ഹിറ്റായ ഗാനങ്ങളുടെ പേരിലും ഈ ചിത്രം ചരിത്രമായി.
കഥയില്ലായ്മയില്‍ നിന്നും കഥയുണ്ടാക്കാന്‍ ആ കഥ ദുരന്തമാക്കി മാറ്റാന്‍ ഒറ്റ വികാരത്തിനേ കഴിയു. അത് കാമമാണ്. ആ കാമത്തെ നിര്‍വചിക്കുന്ന ക്ലാസിക് സിനിമയാണ് 'മനസ്സാ വാചാ കര്‍മ്മണ'.






