
മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന കാലത്ത് ഡാരൻ സമി വംശീയമായി അധിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളി അന്ന് അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന ഇന്ത്യൻ താരങ്ങൾ. 2013, 2014 സീസണുകളിലാണ് ഡാരൻ സമി സൺറൈസേഴ്സ് ഹൈദരാബാദിൽ കളിച്ചിരുന്നത്. ഇക്കാലത്ത് സമിക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായതായി അറിയില്ലെന്ന് ഒപ്പം കളിച്ചിരുന്ന പാർഥിവ് പട്ടേൽ, വേണുഗോപാൽ റാവു, ഇർഫാൻ പഠാൻ എന്നിവർ പ്രതികരിച്ചു. അതേസമയം വംശീയാധിക്ഷേപം ഉദ്ദേശിച്ചല്ലെങ്കിലും മറ്റുള്ളവർക്കു മുന്നിൽ ആളാകാനും കയ്യടി നേടാനും ആരാധകർ ഓരോന്നു വിളിച്ചുപറയുന്നത് പതിവാണെന്ന് പഠാൻ പറഞ്ഞു. മാത്രമല്ല, ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ വംശീയാധിക്ഷേപം പതിവാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
യുഎസിൽ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഐപിഎല്ലിനിടെയും വംശീയാധിക്ഷേപം നേരിട്ടതായി സമി വെളിപ്പെടുത്തിയത്. സൺറൈസേഴ്സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കൻ താരം തിസാര പെരേരയെയും കാണികൾ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. ഈ വാക്കിന് മോശം അർഥമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇത് വംശീയ അധിക്ഷേപമാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് സമി ചൂണ്ടിക്കാട്ടിയത്. അതേസമയം, ഇത്തരമൊരു അധിക്ഷേപം നേരിട്ടിരുന്നുവെങ്കിൽ ആ സമയത്തുതന്നെ സമി അക്കാര്യം ബിസിസിഐയെ അറിയിക്കേണ്ടതായിരുന്നുവെന്ന് ബോർഡുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.






