
ബ്രിട്ടീഷ് സ്പോർട്സ് കാർ ബ്രാൻഡ് മക്ലാറന്റെ ചുരുക്കം ചില മോഡലുകൾ മാത്രമേ ഇന്ത്യയിലുള്ളു. അങ്ങനെ 2018-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഒരു മക്ലാറന് 570S സെക്കന്റ് ഹാൻഡ് സാധനങ്ങൾ വില്കുന്നതിനുള്ള വെബ്സൈറ്റായ OLX ൽ വിൽപനയ്ക്ക് എത്തിയിട്ടുണ്ടെന്ന് റിപോർട്ടുകൾ ഉണ്ട്.
സിൽവർ നിറത്തിലുള്ള മക്ലാറന് 570S-യുടെ സ്പൈഡർ വേർഷൻ (റൂഫ് ഇല്ലാത്തത്) ഡൽഹിയിലാണ് വില്പനക്കുള്ളത്. വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് മക്ലാറൻ്റെ വാറന്റി കാലാവധി കഴിയാത്ത മോഡൽ ആണിത് (പക്ഷെ മക്ലാറന് ഇന്ത്യയിൽ സർവീസ് സെന്റർ ഇല്ല). അടുത്തിടെയാണ് ഇൻഷുറൻസ് പുതുക്കിയത് എന്നും അവകാശപ്പെടുന്നു.
സെക്കന്റ് ഹാൻഡ് മോഡൽ ആണെങ്കിലും 5.25 കോടി രൂപയാണ് OLX ൽ നൽകിയിരിക്കുന്ന വില. മഹാരാഷ്ട്ര സംസ്ഥാനത്ത് രെജിസ്റ്റർ ചെയ്ത ഈ സ്പോർട്സ് കാർ വെറും 20 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളു. എല്ലാ രേഖകളുമുള്ള ഔദ്യോഗിക ഇറക്കുമതിയാണ് ഈ മക്ലാറന് 570S. അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 3.2 സെക്കൻഡും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലെത്താൻ 9.6 സെക്കൻഡും മതി മക്ലാറന് 570S-ന്. 3.8 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 എഞ്ചിനാണ് മക്ലാറന് 570S-ന്റെ ഹൃദയം. 562 ബിഎച്ച്പി കരുത്തും 601 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന എഞ്ചിനാണ് ഇത്. പിൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്ന 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് ഈ സ്പോർട്സ് കാറിന്. മണിക്കൂറിൽ 328 കിലോമീറ്റർ ആണ് മക്ലാറന് 570S-ന്റെ പരമാവധി വേഗത.






