
ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ പുതിയ വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. മോഡലിനായുള്ള ബുക്കിംഗ് 2026 ജൂണ്‍ 22-ന് ആരംഭിക്കുമെന്നും ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സ്‌കോഡ. നിലവില്‍ വിപണിയിലുള്ള സ്‌കോഡയുടെ പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ കൊഡിയാക്കിന്റെ RS സ്‌പോര്‍ട്ടിയര്‍ വേരിയന്റാണ് കമ്പനി ഇന്ത്യക്കായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഐക്കണിക് RS ബാഡ്ജ് ധരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 7 സീറ്റര്‍ സ്‌കോഡ കാറായും ഇത് മാറുന്നുവെന്നതാണ് പ്രത്യേകത.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കൊഡിയാക് RS പതിപ്പിന്റെ 50 യൂണിറ്റുകളായിരിക്കും ആദ്യ ബാച്ചില്‍ എത്തുക. സ്റ്റാന്‍ഡേര്‍ഡ് കൊഡിയാക്കിനെ അപേക്ഷിച്ച് അകത്തും പുറത്തും കൂടുതല്‍ സ്പോര്‍ട്ടി അലങ്കാരങ്ങളും, കൂടാതെ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും ഇതില്‍ വന്നെത്തുന്നതായിരിക്കും. ഡിസൈനിലേക്ക് നോക്കിയാല്‍ RS-നിര്‍ദ്ദിഷ്ട ഫ്രണ്ട് ബമ്പര്‍ ഇന്‍സേര്‍ട്ടുകള്‍, ഗ്രില്ലിലെ ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ്, മിററുകള്‍, വിന്‍ഡോ സറൗണ്ടുകള്‍, റിയര്‍ ബാഡ്ജിംഗ്, സ്റ്റാന്‍ഡേര്‍ഡ് 20 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍ എന്നിവയെല്ലാമാണ് കൊഡിയാക്കിന്റെ പെര്‍ഫോമന്‍സ് പതിപ്പിനെ വേറിട്ടുനിര്‍ത്തുക.
265 bhp പവറില്‍ പരമാവധി 400 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TSI ഇവോ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കൊഡിയാക് RS പെര്‍ഫോമന്‍സ് എസ്യുവിയുടെ ഹൃദയം. 7-സ്പീഡ് DSG ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡ് ഓള്‍-വീല്‍ ഡ്രൈവും സ്റ്റാന്‍ഡേര്‍ഡായി ഈ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നു. സെവന്‍ സീറ്റര്‍ എസ്യുവിയാണെങ്കിലും വെറും 6.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാവും.
അതേസമയം പരമാവധി വേഗം മണിക്കൂറില്‍ 231 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ കൊഡിയാക് RS സ്‌കോഡയുടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറായി മാറുന്നു. പെര്‍ഫോമന്‍സ് മികവിനൊപ്പം മൂന്നുവരി എസ്യുവിയുടെ പ്രായോഗികതയും ഓള്‍-വീല്‍ ഡ്രൈവിന്റെ അധിക ആത്മവിശ്വാസവുമാണ് കൊഡിയാക് RS പെര്‍ഫോമന്‍സ് എസ്യുവിയുടെ കരുത്ത്. ലോഞ്ച് ചെയ്യുന്നതിന് തൊട്ടുമുമ്പ് വില പ്രഖ്യാപിക്കുമെങ്കിലും ഈ ഫുള്‍-സൈസ് എസ്യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം
--






