
കിയ സോനെറ്റ് എസ്യുവി ക്രാഷ് ടെസ്റ്റില്‍ കനത്ത പരാജയം നേരിട്ടിരിക്കുകയാണ്. ആഫ്രിക്കന്‍ വിപണിക്കായി ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കിയയുടെ അത്യാധുനിക പ്ലാന്റില്‍ നിര്‍മ്മിച്ച സോനെറ്റ് മോഡലാണ് ഇപ്പോള്‍ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടത്. പ്രശസ്ത അന്താരാഷ്ട്ര വാഹന സുരക്ഷാ പരിശോധനാ ഏജന്‍സിയായ ഗ്ലോബല്‍ NCAP) അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കിയ സോനെറ്റിന് വന്‍ തിരിച്ചടി നേരിട്ടത്. മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ 5-ല്‍ വെറും 1 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ഈ ഇന്ത്യന്‍ നിര്‍മ്മിത എസ്യുവിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. അതേസമയം, കുട്ടികളുടെ സുരക്ഷാ പരിശോധനയില്‍ (Child Occupant Protection) 5-ല്‍ 3 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ ഈ മോഡലിന് സാധിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഈ പ്രത്യേക കിയ സോനെറ്റ് ബേസ് വേരിയന്റില്‍ സുരക്ഷയ്ക്കായി വെറും 2 എയര്‍ബാഗുകള്‍ മാത്രമാണ് കമ്പനി നല്‍കിയിട്ടുള്ളത് എന്നതാണ് ഈ വന്‍ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന സോനെറ്റ് മോഡലുകളില്‍ നിലവില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആഫ്രിക്കന്‍ വിപണിക്കായി നിര്‍മിക്കുന്ന മോഡലുകളില്‍ സേഫ്റ്റി ഫീച്ചറുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിംഗില്‍ ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രഷ് ടെസ്റ്റിലാണ് കാറിന്റെ ഘടനയിലെ പോരായ്മകള്‍ കണ്ടെത്തിയത്.
ഗ്ലോബല്‍ NCAP പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്രാഷ് ടെസ്റ്റില്‍ ഡ്രൈവറുടെയും മുന്‍ സീറ്റ് യാത്രക്കാരന്റെയും തല, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്ക് മികച്ച സംരക്ഷണം ലഭിക്കുന്നുണ്ട്. കൂടാതെ യാത്രക്കാരുടെ നെഞ്ച് ഭാഗത്തിന് ആവശ്യമായ സുരക്ഷ നല്‍കാനും വാഹനത്തിന്റെ എയര്‍ബാഗ് സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഡാഷ്‌ബോര്‍ഡിന് പിന്നിലുള്ള കടുപ്പമേറിയ മെക്കാനിക്കല്‍ ഘടന കാരണം മുന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരുടെ കാല്‍മുട്ടുകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ടെസ്റ്റില്‍ വ്യക്തമായി.
കാറിന്റെ മുന്‍ ഭാഗത്തെ ഇടി താങ്ങാനുള്ള ശേഷി കുറവായതിനാല്‍ ഇടിയുടെ ആഘാതം നേരിട്ട് യാത്രക്കാരുടെ കാലുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ ഘടനയുള്ളത്. വാഹനത്തിന്റെ ഫൂട്വെല്‍ ഏരിയ ഒട്ടും സുരക്ഷിതമല്ലെന്നും ഇടിയുടെ ആഘാതത്തില്‍ ഇത് തകര്‍ന്നുപോകുന്നതായും പരിശോധനയില്‍ തെളിഞ്ഞു. ഇതിലുപരിയായി കിയ സോനെറ്റിന്റെ മൊത്തത്തിലുള്ള ബോഡി ഘടനയും അതോടൊപ്പം ബോഡി ഷെല്ലും സ്ഥിരതയില്ലാത്തതാണെന്നും ഉയര്‍ന്ന ലോഡ് താങ്ങാന്‍ ഈ ഘടനയ്ക്ക് ശേഷിയില്ലെന്നും ഗ്ലോബല്‍ NCAP സാക്ഷ്യപ്പെടുത്തുന്നു.
വശങ്ങളില്‍ നിന്നുള്ള ശക്തമായ ആഘാതത്തില്‍ യാത്രക്കാരുടെ വയര്‍ ഭാഗത്തിന് ഭാഗികമായ സുരക്ഷ ലഭിച്ചപ്പോള്‍, നെഞ്ചിന്റെ സുരക്ഷാ നിലവാരം വളരെ മോശമെന്നാണ് (Poor Protection) രേഖപ്പെടുത്തിയത്. ഇത്തരം ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കാരണം മുതിര്‍ന്നവരുടെ സുരക്ഷയില്‍ ആകെ ലഭിക്കേണ്ട 34 മാര്‍ക്കില്‍ വെറും 21.29 മാര്‍ക്ക് മാത്രമാണ് മെയിഡ് ഇന്‍ ഇന്ത്യ കിയ സോനെറ്റിന് നേടാനായത്. കുട്ടികളുടെ സുരക്ഷയ്ക്കുള്ള ആകെ ഒക്യുപെന്റ് റേറ്റിംഗില്‍ ലഭ്യമാകേണ്ട 49 മാര്‍ക്കില്‍ വെറും 28.57 മാര്‍ക്ക് മാത്രമാണ് ഈ എക്സ്പോര്‍ട്ട് മോഡല്‍ സ്വന്തമാക്കിയത്.






