
ലണ്ടൻ : പത്ത് ടീമുകൾ പരസ്പരം പോരടിച്ച 2019 ഏകദിന ലോകകപ്പ് സമ്മാനിച്ച ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നിന് ഇന്ന് ഒരു വയസ്സ്. പന്തു ചുരണ്ടൽ വിവാദത്തിന്റെ കറകളുമായി ലോകകപ്പ് കളിക്കാനെത്തിയ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ കൂവി പരിഹസിച്ച ഇന്ത്യൻ ആരാധകരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇടപെട്ട് തിരുത്തിയ കാഴ്ച ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം നൽകിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) കോലിയെ ആദരിച്ചു. ആക്രമണോത്സുകമായ ശരീര ഭാഷ കൊണ്ടും പ്രതികരണങ്ങൾകൊണ്ടും എതിരാളികളുടെ കണ്ണിലെ കരടായ വിരാട് കോലിയുടെ ഇമേജ് തന്നെ മാറ്റിമറിച്ച ആ സംഭവം നടന്നത് കൃത്യം ഒരു വർഷം മുൻപ്.
ഇന്ത്യ – ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടത്തിന്റെ പിരിമുറക്കത്തിനിടയിലാണ് താരങ്ങൾ തമ്മിലുള്ള സൗഹാർദത്തിന്റെ നിമിഷങ്ങൾ ശ്രദ്ധേയമായത്. മൽസരത്തിനിടെ ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ കൂവിവിളിക്കുകയും ചതിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത ഇന്ത്യൻ ആരാധകരെ വിരാട് കോലി നേരിട്ട് ശാസിക്കുകയായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ സ്മിത്തിനെ കാണികൾ കൂവുന്നത് പതിവാകുന്നതിനിടെയാണ് കോലി ഇടപെട്ടത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ ‘ചതിയൻ’ എന്നു വിളിച്ചപ്പോഴായിരുന്നു കോലിയുടെ ഇടപെടൽ. ഗാലറിയിലെ ആരാധകരോടു സ്മിത്തിനെ കൂവി വിളിക്കരുതെന്നുള്ള ആംഗ്യം നൽകിയ കോഹ്ലി സ്മിത്തിനായി കൈയടിക്കാനും അവരോട് ആവശ്യപ്പെട്ടു. സ്മിത്ത് ഉടനെ കോഹ്ലിയോട് തോളിൽത്തട്ടി നന്ദി പറയുകയും ചെയ്തു.
മൽസരശേഷം സ്മിത്തിനെ ആരാധകർ കൂവുന്നതിനെതിരെ കോലി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യൻ ആരാധകർ ഇത്തരം മോശം പ്രവൃത്തികളിൽ ഏർപ്പെടുന്നത് വേദനാജനകമാണെന്ന് കോലി പറഞ്ഞു. ഇങ്ങനെ പരിഹസിക്കപ്പെടാൻ മാത്രം സ്മിത്ത് എന്തെങ്കിലും ചെയ്തതായി തനിക്കു തോന്നുന്നില്ലെന്നും കോലി ചൂണ്ടിക്കാട്ടി. ആരാധകർ സ്മിത്തിനെ പരിഹസിക്കുന്നതു കണ്ടപ്പോൾ സങ്കടം തോന്നി. ഇങ്ങനെ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോലി പറഞ്ഞു. വാർഷിക പുരസ്കാര വേളയിൽ ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം നൽകി ഐസിസി കോലിയെ ആദരിക്കുകയും ചെയ്തു.






